Saturday, December 13, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 10

കുഞ്ഞു കുഞ്ഞ് തലയിലെ കുടുമ അഴിച്ച് തല കുടഞ്ഞ് മുടി വിടർത്തുന്നത് കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു ഗോവർദ്ധൻ. കുഞ്ഞുകുഞ്ഞിന്റെ കയ്യിലെ തെളിച്ചം മങ്ങിയ വള അപ്പോഴാണവൻ ശ്രദ്ധിച്ചത്..സ്വർണ്ണം തന്നെയൊ എന്നവൻ ഒരു വേള സംശയിച്ചു...അതിപ്പൊ പൊടുന്നനെ
പ്രത്യക്ഷമായതാണൊ? ആ വള നിറം മങ്ങിയ ചരിത്രം പോലെ അവന് തോന്നിച്ചു ..

"മുത്തച്ഛാ ആ വള..?അത്  വീര ശൃംഖലയല്ലേ..?"
കുഞ്ഞ് കുഞ്ഞ് ഉത്സാഹത്തോടെ അവന്റെ അരികിലേക്ക് വന്ന് അവനു വള വ്യക്തമായി കാണാനാവും വിധം കൈ നീട്ടിപ്പിടിച്ചു..

അക്കഥയിലെക്കാണ് ഞാൻ വരുന്നത്..ഞങ്ങൾ കളരിയിലെ പരിശീലനം പൂർത്തിയാക്കുമ്പോഴേക്ക്
ഹൈദറിന്റെ കഥ കഴിഞ്ഞിരുന്നു...പക്ഷെ ടിപ്പുവിന്റെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാമെന്ന് എല്ലാവരും ഭയന്നിരുന്നു...

ബ്രിട്ടണും മൈസൂരും തമ്മിൽ ഇടഞ്ഞ് നിൽക്കുകയായിരുന്നു...എങ്കിലും തരത്തിനൊത്ത് നിറം മാറുന്ന
വെള്ളക്കാരനെ പൂർണ്ണമായും നമ്പേണ്ടന്ന് വലിയ കപ്പിത്താന്റെ കാലത്ത് തന്നെ ഒരു ധാരണയുണ്ടായിരുന്നല്ലൊ...!!

മഴ നീങ്ങിയെങ്കിലും കാറൊഴിയാതെ മൂടികെട്ടി നിന്ന ഒരു രാത്രിയാണ് അമ്മാവൻ എന്നോട് അടിയന്തിരമായി കളരിയിലേക്ക്
വരാൻ പറഞ്ഞത്..!

രാമനും കുഞ്ചുവും പോയതിന് ശേഷവും കളരിയിലെ പരിശീലനം
വലിയ ഉഷാറില്ലാതെ നടന്നിരുന്നു...മുടക്കരുതെന്ന് അമ്മാവൻ താക്കീത് ചെയ്തിരുന്നു...ഒരു യാത്രക്ക് ഞാനും സജ്ജമാവേണ്ടതുണ്ടത്രെ...!യാത്രയുടെ ലക്ഷ്യത്തെ പറ്റിയും അതിന് വേണ്ട  തയ്യാറെടുപ്പുകളെക്കുറിച്ചും ഒരേകദേശ ധാരണയും പലപ്പോഴായി അദ്ദേഹം എനിക്ക് നൽകിയിരുന്നു..

 കളരിയിലെ നീട്ടിയ തിരിയുടെ അരണ്ട വെളിച്ചത്തിൽ വലിയമ്മവാൻ എന്നൊട് പറഞ്ഞു 'രവി വർമ്മ രാജയെ  കാണാൻ ഇനി താമസിച്ച് കൂടാ. ഉണ്ണി നാളെത്തന്നെ പുറപ്പെടേണ്ടതുണ്ട്!

 

Saturday, August 30, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 9


മച്ചിൽ ഭഗവതിക്ക് നേദിച്ച പാലിൽ മലരും മധുരവും ചേർത്ത് തിങ്കളാഴ്ചകളിൽ അമ്മ ഞങ്ങൾക്ക് തന്നിരുന്നു... പാലക്കാട് നിന്നും അന്ന് ധൃതിയിൽ പുറപ്പെട്ടു പോന്നപ്പോഴും അമ്മ കൂടെ കൊണ്ടു പോരാൻ ആഗ്രഹിച്ചത് ദേവിയുടെ ഒരു ചെറിയ വിഗ്രഹമാണ്‌ ...അതവിടെ തറവാടിനോട് ചെർന്ന ഒരു ചെറിയ കാവിലെ പ്രതിഷ്ഠയായിരുന്നത്രെ.

"ന്റെ അമ്മ" എന്നാണ് അമ്മ എപ്പോഴും പറയാറ്..ഞങ്ങളുടെ മനസ്സിൽ വിളി കോറിയിട്ടത് ഏതാപത്തിലും സ്വന്തം മക്കളെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന അമ്മയുടെ ചിത്രമാണ്... കാലത്തിനുമപ്പുറത്ത്.. കാതങ്ങൾക്കുമപ്പുറത്ത് ഏതു കൂരിരുട്ടിലും പ്രഭ ചൊരിഞ്ഞ് അമ്മയുടെ വാത്സല്യം തുണയുണ്ടാകുമെന്ന വിശ്വാസവും വിളി എനിക്ക് സമ്മാനിച്ചു..'അമ്മേ ..എന്നെ കാത്ത് രക്ഷിക്കണേ' എന്ന് പ്രാർത്ഥിക്കുമ്പോൾ ഇപ്പോഴും എന്റെ പെറ്റമ്മ എന്റെ കൂടെയുണ്ടെന്ന തോന്നലാ.....

ഞാനിപ്പോഴും കരുതണത് എല്ലാം മച്ചിൽ ഭഗോതീടെ കടാക്ഷംന്ന് തന്നെയാണ് .... കഥ തീരുമ്പോൾ ഉണ്ണിക്കും അത് തോന്നും നിശ്ചയം...!!!കുഞ്ഞുകുഞ്ഞ് കർത്താവിന്റെ ശബ്ദം ഇടറുന്നതു ഗോവർദ്ധൻ ശ്രദ്ധിച്ചു...

അതിരിക്കട്ടെ.... ഇവിടെയൊക്കെ പണിക്ക് വന്നിരുന്ന ഒരു ചോതികുഞ്ഞിനെ നീ ഓർക്കുന്നുണ്ടോ..മരിച്ച് പോയി..!!...അവന്റെയൊരു മുതു മുത്തച്ഛൻ ചോതിയുണ്ടായിരുന്നു....അവന്റെ വീട്ടുകാരൊക്കെ അന്നേ
നമ്മുടെ പാടത്തും പറമ്പിലുമൊക്കെ പണി ചെയ്തിരുന്നു..
ഞങ്ങൾ കുട്ടികൾ തൊടിയിലും മറ്റും മേളിച്ച് നടക്കുമ്പോൾ ചോതി ദൂരെ മാറി നിന്ന് ഞങ്ങളെ തന്നെ നോക്കി നിൽക്കും...അടുത്ത് വരാൻ അനുവാദമുണ്ടായിരുന്നില്ല...ഞങ്ങൾ അടുത്ത് ചെല്ലുമ്പോൾ അവൻ ദൂരേക്ക് ഓടിപ്പോകും.....!!! പിന്നെ പിന്നെ...അകലമൊക്കെയങ്ങ് കുറഞ്ഞു....കുട്ട്യോളല്ലെ!!!.കുഞ്ഞുകുഞ്ഞ് കുലുങ്ങി ചിരിച്ചു...

'ചെറിയമ്പ്രാരെ ..വലിയമ്പ്രാൻ കളരി വലുതാക്കാമ്പോണ്'...ഒരു ദിവസം അവൻ ഓടി വന്നിട്ട് കുറച്ചകലെ മാറി നിന്ന് ഞങ്ങളെ അറിയിച്ചു....ഞങ്ങളൊറ്റ കുതിപ്പിന് കളരിയിലെത്തി...അനന്തപുരിയിൽ നിന്നും തിരികെ വന്നിട്ട് ഞങ്ങൾക്ക് കളരിയിൽ ചേരാൻ അനുവാദം നൽകാമെന്ന് വലിയമ്മവാൻ സമ്മതിച്ചിരുന്നല്ലോ..

അമ്മാവനും കളരിഗുരുവായ ശങ്കര  പണിക്കരും എന്തോ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു...രണ്ട് പേരെയും ഉപചാര പൂർവ്വം വണങ്ങി ഞങ്ങൾ ആകാംഷയോടെ മാറി നിന്നു.."കുട്ടികൾ നാളെ മുതൽ കളരിയിൽ വരട്ടെ പണിക്കരെ..."അമ്മാവൻ പറയുന്നത് കേട്ടപ്പോഴാണ് ഞങ്ങൾക്ക്
ആശ്വാസമായത്...പണിക്കരാശാൻ ഞങ്ങളോടായിപ്പറഞ്ഞു "നിങ്ങളുടെ വലിയമ്മാവൻ ഇനി മുതൽ കർത്താവാണ്..അറിയാമോ..മൂവായിരം പടയാളികൾക്കുടയോൻ...എല്ലാം ധർമരാജാവ് പോന്നു തമ്പുരാന്റെ കൃപ... നാളെ മുതൽ കളരിയിൽ വരണം..തറവാടിന്റെയും മണ്ണിന്റെയും മാനം കാക്കാൻ ഒരുങ്ങുക.."

 

Saturday, August 2, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 8

പച്ച വെളിച്ചത്തിൽ ആർക്കും അധികമൊന്നും ചെയ്യാനില്ലെന്നതാണ് സത്യം...ഇരുട്ടാണ് ജയവും പരാജയവും  നിർണ്ണയിക്കുന്നത്...അസ്വസ്ഥതയുടെ പൊടിപടലങ്ങൾ നേർക്കാഴ്ച
മറയ്ക്കും..ഇരുട്ടടിയിൽ ആരാണ് നില തെറ്റി താഴെ വീഴാത്തത്? പിന്നെ വെളിച്ചം കണ്ണുകളെ തഴുകുമ്പോൾ ഞെട്ടിയെഴുന്നീറ്റ് വൃഥാ തിരിച്ചടിക്ക് മുതിരുമെങ്കിലും അപ്പോഴേക്ക് എല്ലാം
അവസാനിച്ചിരിക്കും...

അക്കാലത്ത് ഹൈദറിന്റെ പീഡനം പേടിച്ച് മലബാറിലെ ബ്രാഹ്മണരിൽ വലിയൊരു വിഭാഗം തിരുവിതാംകൂറിന്റെ
മണ്ണിൽ അഭയം തേടിയിരുന്നു..ആ രണ്ട് പേരും അക്കൂട്ടത്തിൽ പെട്ടവരാണെന്നാണ് ആദ്യം കരുതിയത്...അവര്ക്ക് കുറച്ച് നാൾ ഇവിടെ തങ്ങാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന് ആവശ്യപെട്ടപ്പോൾ വലിയമ്മാവൻ വലിയ സന്തോഷത്തോടെ അവരെ സ്വീകരിച്ച് സല്ക്കരിക്കുകയണുണ്ടായി...

കുഞ്ഞുകുഞ്ഞ് സംസാരം നിർത്തി കണ്പോളകളുയർത്തി ഗോവർദ്ധനെ നോക്കി അവൻ തന്റെ  സംസാരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി..

തിരുവിതാംകൂറിന്റെ ചാരന്മാരെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് തന്നെ അന്നാണ് കേട്ടോ...വലിയമ്മാവൻ ആ ബ്രാഹ്മണരെ കൊന്നയന്ന്...!!! മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള
കുടിയേറ്റം മുതലാക്കാൻ മൈസൂർ ശ്രമിക്കുന്നുണ്ടെന്ന് തിരുവിതാംകൂറിന്റെ ചാരന്മാർ മനസ്സിലാക്കിയിരുന്നു..
അതെത്തുടർന്ന് വ്യാജന്മാരെ കുടുക്കാനുള്ള
ശ്രമങ്ങളും നടന്നിരുന്നു...ഈ രഹസ്യ നീക്കങ്ങളിലുള്ള 
വലിയമ്മാവന്റെ പങ്ക് കൂടെ ഞങ്ങൾക്കന്ന് ബോദ്ധ്യപ്പെട്ടു..

കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും അഭിമാനിക്കാൻ വകയുള്ള എന്തോ ഒന്നാണ് അമ്മാവൻ ചെയ്തതെന്ന് ഞങ്ങള്ക്ക് അന്ന് തോന്നി..പക്ഷെ രണ്ട് നാൾ കഴിഞ്ഞ് ഒരു ത്രിസന്ധ്യക്ക് അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് അമ്മ പറഞ്ഞത് "ന്റെ ഉണ്ണിക്ക് അങ്കോം പങ്കപ്പാടും വേണ്ട" എന്നാണ്...

അവരെ കൊന്നു തള്ളിയ സ്ഥലം ഞങ്ങൾ കുട്ടികൾക്ക് കൊല്ലമ്പറമ്പായി...പിന്നെ കുറെ കാലം അങ്ങോട്ട് പോകാൻ തന്നെ ഭയമായിരുന്നു...




 

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 7

ഇത്രയും ഞാൻ കേട്ടറിഞ്ഞത്..ഉണ്ണീ, ഇനി അങ്ങോട്ട് എന്റെ അനുഭവങ്ങൾ...

"ടിപ്പുവിനെ കൊല്ലണം" ആ ചിന്ത പെട്ടന്ന് ഒരു മഴയത്ത് പൊട്ടിമുളച്ചതല്ല... പക്ഷെ കളരിയിൽ കച്ച കെട്ടിയ കാലം മുതല്ക്കെങ്കിലും ഞങ്ങളെ മുന്നോട്ട് നയിച്ചത് ആ ചിന്ത പകർന്ന ഇത്തിരി വെളിച്ചമായിയിരുന്നു..

കുട്ടിക്കാലത്ത് പേര മരത്തിന്റെ ചില്ല കൊണ്ടുണ്ടാക്കിയ വില്ലിൽ ഈർക്കിൽ അമ്പ് കോർക്കുമ്പോഴും, വലിയമ്മാവാൻ ഓല മടലു
വെട്ടിയുണ്ടാക്കി തന്ന വാളു കൊണ്ടു അങ്കം കുറിക്കുമ്പോഴും   എതിരാളി ഹൈദരായിരുന്നു...നാലുകെട്ടിന്റെ ഇരുട്ട് മൂടിയ മുറികളിൽ ഒരുമിച്ചിരുന്ന്, ജനലഴികളുടെ ഇത്തിരി വിടവിലൂടെ, പുറത്തെ ചെറിയ കാറ്റും മഴയും നോക്കി കാണവെ, ഞങ്ങളറിയാതെ തന്നെ ഉള്ളിൽ ചാരം മൂടിക്കിടന്ന കനൽ പതിയെ ആളി തുടങ്ങിയിരുന്നിരിക്കണം...

പുറത്ത് മഴ പതിയെ കനക്കുകയായിരുന്നു.....ഇരുട്ട് ശക്തി പ്രാപിച്ച് തുടങ്ങിയിരുന്നു...ഞങ്ങൾക്ക് ആ ഇരുട്ടിന്റെ മറയത്ത്
പലതും ചെയ്യാനുണ്ടായിരുന്നു...



  

Sunday, July 20, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 6

"വെള്ളക്കാരനെ കണ്ടുകൊണ്ടാണ് ധർമ്മരാജാവ് പൊന്നുതമ്പുരാൻ അന്ന് ഹൈദറിനോട് പോയി പണി നോക്കാൻ പറഞ്ഞത്. ബ്രിട്ടണ് പക്ഷെ ഹൈദരുമായി നേരിട്ട് യുദ്ധം ചെയ്യാൻ ഭാവമൊന്നുമില്ലായിരുന്നു..അവർക്കന്ന് അതിനുള്ള പാങ്ങില്ലായിരുന്നു എന്ന് പറയുന്നതാവും ഉചിതം..അത് കൊണ്ടു തന്നെ ഭാവിയിൽ ഹൈദറിന്റെ ഭരണം വന്നാൽ മലബാറിലെ തങ്ങളുടെ കച്ചവട താൽപ്പര്യം സംരക്ഷിക്കാനാണ് അവര് ശ്രമിച്ചത്..... അറബികളുടെ സ്വാധീനത്തിലായിരുന്ന സാമൂതിരിയിൽ നിന്ന് അവര്ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നല്ലോ...

ദേശീയ-രാജ്യാന്തര തത്പര്യങ്ങൾ കണക്കിലെടുത്ത്
ഒരു തീരുമാനം കല്ക്കട്ടയിൽ നിന്ന്  അറിയിക്കും...അവരുടെ തഞ്ചം നോക്കി നിന്നാൽ പണി പാളുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്
സ്വന്തം നിലക്ക് ചാരന്മാരെ ഉപയോഗിച്ചുള്ള രഹസ്യ നീക്കങ്ങൾ ആവശ്യമാണെന്ന് മ്മടെ വലിയ കപ്പിത്താൻ അന്ന് നിർദ്ദേശിച്ചത്..

എന്തായാലും ഹൈദറിന് പക്ഷെ തന്റെ ജീവിത കാലത്ത് നെടും കൊട്ടക്കിപ്പുറം കാണാനായില്ല..."

"മുത്തച്ഛാ...പിന്നെന്തുണ്ടായീ?"...ഗോവർദ്ധൻ പുതച്ച് മൂടി കട്ടിലിൽ
ഇരിക്കുകയായിരുന്നു...അവന്റെ ചോദ്യം കേട്ട്  കുഞ്ഞു കുഞ്ഞു പെട്ടന്ന് ഏതോ  സ്വപ്നത്തിൽ  നിന്നുണർന്ന് സ്ഥലകാല ബോധം നഷ്ടപെട്ടവനെ പോലെ പരിഭ്രാന്തനായികാണപെട്ടു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ്‌ മുറിക്കുള്ളിൽ ഉലാത്താൻ തുടങ്ങി..കുറച്ചു കഴിഞ്ഞ് കട്ടിലിൽ അവന്റെ അടുത്ത് വന്നിരുന്ന് കഥ തുടർന്നു

"ഉണ്ണി അങ്ങന നമ്മളിവിടെ വന്നു.....ആഴത്തിൽ വളർന്ന വേരുകൾ പകർന്നത് ഈ മണ്ണിന്റെ പുണ്യം...ഇത് നമ്മളുടെ കഥയാണ്‌... പടർന്ന ശിഖരങ്ങളുടെ ശീതള ഛായയിൽ  മണ്ണിനെ സ്വപ്‌നങ്ങൾ കണ്ടുറങ്ങാൻ വിട്ടിട്ട് ഉറങ്ങാതെയിരുന്നവരുടെ കഥ...അവസാന ശ്വാസം വരെ മണ്ണിനൊപ്പം നിന്നവരുടെ കഥ.."

 

Sunday, July 6, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 5

എല്ലാവരും മണ്ണിൽ പൂക്കുന്ന പൂവുകൾ!!! നമ്മെ നാമാക്കുന്നത് മണ്ണ്..!!!പക്ഷെ മണ്ണിനു ചേരാത്ത വളം പ്രയോഗിച്ചാൽ അതിൽ പൂക്കുന്ന പൂവുകൾക്ക് മണ്ണിന്റെ മനം മടുപ്പിക്കുന്ന നിറവും മണവുമായിരിക്കും...മണ്ണ് തന്നെ അവയെ ഉതിർക്കും...

മണ്ണിന്റെ ആവശ്യം കണ്ടറിഞ്ഞ് നില്ക്കാനായില്ലെങ്കിൽ, മറ്റൊരാളായി ആ മണ്ണിൽ തുടരാതെ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നല്ലത്...നമ്മളെ നമ്മളാക്കിയ മണ്ണിനോട് അത്രയെങ്കിലും ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്...മറ്റൊരു മണ്ണ് നമ്മെ വിളിക്കുന്നുണ്ടാകും...

അങ്ങനെയാണ് ഞങ്ങൾ പാലക്കാട് നിന്നും പെരിയാറിന്റെ തീരത്തുള്ള ഈ മണ്ണിൽ എത്തുന്നത്..അമ്മയും വല്യമ്മയും, ചിറ്റയും  ഞാനും, മണിയും, കുഞ്ചുവും, രാമനും പിന്നെ വല്യമ്മാവനും അടങ്ങുന്ന ഒരു ചെറിയ സംഘം..
ഇതൊക്കെ എനിക്ക് ഓർമ്മ വക്കുന്നതിനു മുന്നേ നടന്നതാണ് കേട്ടോ ...


പുന്തുറക്കോന് എപ്പോഴും  ആരെയെങ്കിലും ചൊറിഞ്ഞ്  കൊണ്ടിരിക്കണം.. കിഴക്ക് വള്ളുവകോനാതിരിയും തെക്ക് പാലക്കാട്ടച്ചനും നന്നേ പൊറുതിമുട്ടിയിരുന്നു.. സഹി കെട്ടപ്പോഴാണ് ചെറിയമ്മാവന്റെ നിർദ്ദേശ പ്രകാരം അച്ചൻ അന്ന് ഡിൻഡികൽ ഫൗജ്ദാർ ആയിരുന്ന ഹൈദറിനെ സഹായത്തിന് വിളിച്ചത്..അയാളാകട്ടെ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു...പക്ഷെ ഒന്നും വിചാരിച്ച പോലെയായില്ല..

സാമൂതിരി ഹൈദറുമായി സന്ധി ചെയ്തു...അയാള് തിരികെപ്പോയി.
അന്ന്  സാമൂതിരി കൊടുക്കാമെന്നേറ്റ 12 ലക്ഷം രൂപ പിരിക്കാനാണെന്ന കാരണം പറഞ്ഞാണ് പിന്നെയയാളെ കെട്ടിയെടുത്തത്...പോരാത്തതിന്
അറക്കലെ ആലി രാജയുടെ  ഉത്സാഹം കൂടെയായപ്പോൾ മലബാറിന്റെ കാര്യത്തിന് ഏതാണ്ടൊരു തീരുമാനം ആയി....കുഞ്ഞുകുഞ്ഞ്  ഒന്നനക്കി  ചിരിച്ചു.

ആ വരവിലാണ് മുച്ചൂടും മുടിച്ചത് ....വെട്ടി പിടിച്ച മലനാടുകളുമായി എളുപ്പം ബന്ധപെടാനും പട്ടാളത്തിന് ആയുധവും ഭക്ഷണവും എത്തിക്കാനുമൊരു സുരക്ഷിത കേന്ദ്രം എന്ന നിലക്കാണ് ഹൈദരാലി  പാലക്കാട് കോട്ട കെട്ടുന്നത്..സമീപത്തെ ക്ഷേത്രങ്ങളും നായർത്തറകളും പൊളിച്ചാൽ കല്ലും സുലഭം...!!!

സ്ത്രീകളെയും കുട്ടികളായിരുന്ന ഞങ്ങളെയും രഹസ്യമായി വലിയമ്മാവനോടൊപ്പം തിരുവിതാംകൂറിലേക്ക് പറഞ്ഞയച്ച്..ചെറിയമ്മവൻറെ നേതൃത്വത്തിൽ  ഒരു ചെറിയ സംഘം
നായന്മാർ അന്ന് കാര്യമായ ചെറുത്ത് നില്പ്പിന് ശ്രമിച്ചുവെന്നാണ് വലിയമ്മവാൻ പറഞ്ഞു കേട്ട അറിവ്...

"കുറ്റ ബോധമാണ് അവിടെ തന്നെ നില്ക്കാൻ അവനെ പ്രേരിപ്പിച്ചത്...കാവിന്റെ നിർബന്ധതിനും അവനെ പിന്തിരിപ്പിക്കാനായില്ല ...അബദ്ധമായിപ്പോയി..."
ചെറിയമ്മാവനെ കുറിച്ച് പറയുമ്പോഴെല്ലാം വലിയമ്മാവൻ
വികാരാധീനനാവാറുണ്ട്...

കാവ് ആരാണെന്ന് മനസ്സിലായോ?....... ന്റെ അമ്മയാണ്.. അമ്മാവന്റെ നേരെ  ഇളയതായിരുന്നു അമ്മ.. അമ്മയോടായിരുന്നത്രെ ചെറിയമ്മാവന് കൂടുതലിഷ്ടം..!!
 

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 4

"മേലിൽ നായന്മാർ വാളേന്തി നടക്കാൻ പാടുള്ളതല്ല. വാളേന്തിയ നായരെ തല്ക്ഷണം ആർക്കും വധിക്കാവുന്നതാണ്. നായന്മാരെ ഇനിമേൽ ഒരു കീഴ് ജാതിയായി കണക്കാക്കേണ്ടതാണ്...ഇനി മേലിൽ നായന്മാർ മറ്റുള്ളവരെയെല്ലാം വണങ്ങേണ്ടതുമാണ്...എന്നാൽ മാര്ഗ്ഗം കൂടിയ നായന്മാർക്ക് എല്ലാ അവകാശങ്ങളും തിരികെ നൽകുന്നതാണ്."

ഹൈദർ തന്റെ ആദ്യ പടയോട്ടം കഴിഞ്ഞ് തിരികെ പോകുന്നതിനു മുന്നേ നടത്തിയ വിളംബരം ഇങ്ങനെയായിരുന്നൂന്ന്
അമ്മാവൻ പറഞ്ഞു കേട്ടിട്ടുണ്ട്...

തലമുറകളായി അടിച്ചമര്ത്തപ്പെട്ടവർക്ക് പ്രതിക്കാരം ചെയ്യാൻ താനായിട്ട് ഒരു അവസരം നല്കിയെന്ന തോന്നൽ മറ്റു ജാതിക്കാരെ തനിക്കൊപ്പം നിർത്തും എന്നാണയാൾ കരുതിയത്‌....

മലബാറിലെ നായന്മാരെ ഇനിയൊരിക്കലും തല പൊക്കാൻ അനുവദിക്കരുതെന്ന് അയാള് ദൃഢ നിശ്ചയം ചെയ്തിരുന്നു..

മണ്ണിനെയും ഗോക്കളെയും രക്ഷിക്കാൻ രാജാജ്ഞയോടെ വാളേന്തിയ നായന്മാരെ എന്നന്നേക്കുമായി തളച്ചിട്ടാൽ പിന്നെയുള്ള നാൾ വഴികൾ സുഗമമാകുമെന്ന് അയാള് കണക്കു കൂട്ടി.


അയാളുടെ പടയാളികൾ പിന്നിട്ട വഴികളിലെല്ലാം നായന്മാരുടെ ചോര തളം കെട്ടി കിടന്നിരിക്കണം..ഗ്രാമങ്ങളിൽ നിന്നുയര്ന്ന കരിഞ്ഞ ഗോമാംസത്തിന്റെ മണം മൈസൂർപ്പടയെ മത്ത് പിടിപ്പിച്ചിരിക്കണം..
കാവുകളും ക്ഷേത്രങ്ങളും തീവച്ച്  അവരുടെ ദേവതകളെ പുകച്ച് പുറത്ത് ചാടിക്കാമെന്നും അയാള് കരുതിക്കാണും ..

പിടിക്കപെട്ടവരെ നിർദയം തൂക്കിലേറ്റുകയൊ തലവെട്ടി കൊല്ലുകയോ ചെയ്തിരുന്നുവത്രെ..നമ്മുടെ സ്ത്രീകളെയും കുട്ടികളെയും  അടിമവേലക്കായി പിടിച്ചു കൊണ്ടുപോയി....

മലയാളക്കരയെ മുഴുവൻ, യൂറോപ്പിൽ ന്നിന്നെത്തിയ മനുഷ്യ മാംസം പച്ചക്കു തിന്നുന്ന, പടയാളികളുടെ   സംരക്ഷണത്തിൽ എൽപ്പിക്കാനാണ് ഹൈദറിന്റെ  പദ്ധതിയെന്ന് പലരും
ഭയപ്പെട്ടിരുന്നുവത്രെ..!!! അമ്മാവൻ പറഞ്ഞുള്ള അറിവാണ്


അന്നാദ്യമായി അവരുടെ മണ്ണിനെയും മനസ്സിനെയും അതുവരെയില്ലാത്ത ഒരു ഭയം തീണ്ടി...അവമാനവീകരണത്തിന്റെ വിഴുപ്പ് ചുമക്കുന്നതിലും ഭേദം മരണമാണ് കുഞ്ഞേ...നീയതിനോട് വിയോജിക്കുമോ എന്ന് എനിക്കറിയില്ല...

ചൈതന്യമറ്റുപോയ മണ്ണിനെ ഹൈദറിന് ബാക്കിയാക്കി പലരും കാട് കയറി..കുറെയാളുകൾ തെക്ക് തിരുവിതാംകൂറിന്റെ മണ്ണിൽ അഭയം തേടി...അകലെ നിന്നും മണ്ണിന്റെ നിർത്താതെയുള്ള അലമുറ കേട്ടിട്ടും, പ്രതികരിക്കാനാവാത്ത വിധത്തിൽ അവരുടെ മനസ്സ് മരവിച്ചു പോയിരിക്കണം ...!!!


തല കുമ്പിട്ടിരുന്ന് എന്തോ ആലോചിക്കുകയായിരുന്നു കുഞ്ഞുകുഞ്ഞ്..
അൽപം അക്ഷമ തോന്നിയെങ്കിലും ഗോവർദ്ധൻ ഒന്നും മിണ്ടിയില്ല..
 

Monday, June 30, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 3

ഇതായിരുന്നോ നമ്മുടെ മണ്ണ്...? കുഞ്ഞു കുഞ്ഞു കർത്താവ്‌ കഥ പറഞ്ഞു തുടങ്ങി ...

അല്ല!!!നമുക്ക് ഈ  മണ്ണിന്റെ  വിളി  വന്നതാണ്..ഏകദേശം ഒരു  രണ്ടര നൂറ്റാണ്ട് മുന്പ്...അതിനും  മുന്നെ തലമുറകളെ ഊട്ടി വളർത്തിയത്‌ മറ്റൊരു മണ്ണ്...

മണ്ണിനെ വിട്ടുപിരിയുന്നത് അമ്മയെ വിട്ടു പിരിയുന്നത് പോലെ ബുദ്ധിമുട്ടാണ് .. മടിയാണ് ..പക്ഷെ പറയുമ്പോൾ
നിനക്ക് ഈര്ഷ്യ തോന്നരുത് ....നമ്മുടെ മണ്ണ്?..യഥാർത്ഥത്തിൽ അങ്ങനൊന്നുണ്ടൊ?

ഒരു കാലത്ത് പൂന്തുറക്കോന്റെ പേര് കേട്ട് ഈ ഭൂമി മലയാളത്തിലെ മണ്ണായ മണ്ണെല്ലാം നടുങ്ങിയിരുന്നു...
പെരിയാറിന്റെ തീരത്തെ ഈ മണ്ണിന് എന്നും ഭയമായിരുന്നു...പറങ്കികളെയും ലന്തക്കാരെയും, കുറച്ചു കാലം, ഇവിടെ  വേര് പടരാൻ അനുവദിച്ചെങ്കിലും
അതൊന്നുമത്ര  ഫലം കണ്ടില്ല...മണ്ണിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് സ്വയം തഴച്ച് വളരണമെന്നെ അവർക്കുണ്ടായുള്ളു.
കന്യാകുമാരി മുതൽ ഗോകർണം വരെ തന്റെ ചൊൽപ്പടിക്ക് നില്ക്കുന്നത് സ്വപ്നം കണ്ടുറങ്ങിയിരുന്ന സാമൂതിരിക്കാകട്ടെ , വിട്ട് കൊടുക്കാനൊട്ട്‌  ഒരു ഭാവവുമില്ലായിരുന്നുതാനും....

മണ്ണിന്റെ വിളി പിന്നെ കേട്ടത് തെകൂന്നുള്ളോരാ....പിന്നെക്കണ്ടത്,
കൊടുങ്ങല്ലൂർ മുതൽ  ആനമല  വരെ  നീണ്ട് കിടന്ന, നെടുംകോട്ടയുടെ  നിഴലിൽ,
തിരുവിതാംകൂർ മഹാരാജാവ്  ഈ മണ്ണിനെ   ഒളിപ്പിക്കുന്നതാണ്..

പക്ഷെ ആ ‌ വന്മതിലിനെയും തകര്ക്കാൻ കഴിവുള്ള ഒരു വ്യാഘ്രം വടക്ക് നിന്ന്  ഇങ്ങൊട്ടേക്ക് കുതിക്കുന്നുണ്ടായിരുന്നു...

എന്തോ അലോചിക്കുകയായിരുന്ന ഗോവര്ദ്ധനെ നോക്കി
ചിരിച്ചു കൊണ്ടു കുഞ്ഞുകുഞ്ഞ് തുടർന്നു ..

അതെ അയാള് തന്നെ...!!!തന്തക്കഴുവേറി മണ്ണിനു ചേരാത്ത  വിത്ത് പാകി മലബാറിലെ മണ്ണായ മണ്ണിനെയെല്ലാം  പിഴപ്പിച്ച് തിരിച്ചു പോയി...
ഇവിടത്തെ തുറമുഖങ്ങളും സുഗന്ധവ്യന്ഞനങ്ങളും സ്വപ്നം കണ്ട് തന്തയുടെ വഴിയെ നടന്ന മകൻ ടിപ്പു....

കുഞ്ഞു കുഞ്ഞിൽ ഗോവർദ്ധൻ  അന്ന് വരെ കണ്ടിട്ടില്ലാത്ത വികാരമായിരുന്നു വെറുപ്പ് ..കുഞ്ഞു കുഞ്ഞു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അയാളുടെ മനസ്സിന്റെ അടിയൊഴുക്കുകളെ കുറിച്ച് ഒരേകദേശ ധാരണ അവനുണ്ടായിരുന്നു..പക്ഷെ ശാന്ത സമുദ്രത്തിലെന്ന പോലെ കുഞ്ഞുകുഞ്ഞിന്റെ മുഖത്ത് ശാന്തത നിറഞ്ഞു ന്നിന്നു..

 

Friday, June 27, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 2

കപ്പലണ്ടി കൊറിക്കുമ്പോൾ പോലും ഒരു "അൽഗോരിത"ത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ നിന്നു കൊണ്ട്  ചിന്തിക്കാൻ താൻ  പ്രേരിതനാകുന്നു എന്ന് തോന്നിയപ്പോഴാണ് ഗോവർദ്ധൻ ടെക്നൊ പാർക്കിനോട്  വിടപറഞ്ഞത്...

ചരിത്രം ഐച്ഛിക വിഷയമായി പഠിച്ച്  മൂന്നു തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയ അയാളുടെ ഒടുവിലത്തെ ഉദ്യമം ഫലം കണ്ടു...

അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം അയാൾ തന്റെ ഫേസ് ബുക്കിൽ പേജിൽ ഇങ്ങനെ കുറിച്ചു.."ഇത് തലമുറകളുടെ വിജയം..I am just a newer version"

ചരിത്രത്തോടുള്ള  അടങ്ങാത്ത അഭിനിവേശം കൊണ്ട് അയാൾ തന്റെ ഒഴിവു  സമയങ്ങളെ ചരിത്ര പുസ്തകങ്ങളിൽ തളച്ചിട്ടിരുന്നു.

"എന്തോ നഷ്ടപെട്ടത് കണ്ടെത്തിയ സന്തോഷം" എന്നാണ് തന്റെ ചരിത്ര പഠനങ്ങളെ കുറിച്ച് അയാളെപ്പോഴും പറയാറ് ..."അതിനു പക്ഷെ ആദ്യം എന്തെങ്ങിലും നഷ്ടപ്പെട്ടു എന്ന തൊന്നലുണ്ടാവണം..!!!"

"അവനു ചരിത്രം പഠിച്ച് പഠിച്ച് വട്ടായതാണ്" എന്ന് ഗോവര്ദ്ധന്റെ അമ്മ ഇടക്ക് പറയാറുണ്ട്...

അതെന്തായാലും കുഞ്ഞു കുഞ്ഞു മുത്തച്ഛന്റെ പ്രേതം തന്നെ സന്ദർശിക്കുന്ന കാര്യം അയാൾ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല...

പണ്ടൊരിക്കൽ തന്റെ വംശ പരമ്പര ചികഞ്ഞ് സ്റ്റേറ്റ് ആര്ക്കൈവ്സിന്റെ
ലൈബ്രറിയിൽ രണ്ടു ദിവസം തന്നെ തന്നെ ഉപേക്ഷിച്ച ഗോവർദ്ധൻ മൂന്നാം  നാൾ അവനെ കണ്ടെത്തുമ്പോൾ കുഞ്ഞു കുഞ്ഞു
കര്ത്താവിന്റെ പ്രേതവും അവനോടു കൂടെ കൂടിയിരുന്നു...

പിന്നീടങ്ങോട്ടുള്ള തന്റെ ചരിത്ര പഠനങ്ങളിൽ എപ്പോഴും കുഴക്കുന്ന ചോദ്യങ്ങള്ക്ക് ഉത്തരവുമായി പ്രത്യക്ഷപ്പെടുന്ന കുഞ്ഞു കുഞ്ഞു കര്ത്താവിനെ ഒറ്റ് കൊടുക്കാൻ അവൻ തയ്യാറായില്ല എന്നതാണ് സത്യം..

തനിക്ക് കേരള കേഡർ കിട്ടില്ലന്ന്  അയാൾക്ക് തോന്നി...ഒരു പറിച്ച് നടൽ അനിവാര്യമാണെന്ന് അയാളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു....

അന്ന് രാത്രി അവന് ഉറക്കം വന്നില്ല....ഒന്നവന് ഉറപ്പായിരുന്നു.. മുത്തച്ഛൻ  തന്നെ കാണാൻ വരും....



 

Wednesday, June 25, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 1


"മണ്ണിന് തോന്നണം..അപ്പോൾ മണ്ണ് വിളിക്കും...ഇല്ലെങ്കിൽ അത് ചുമ്മാ അങ്ങനെ മിണ്ടാതെ കിടക്കും...എവിടെ നിന്നെങ്കിലും മണ്ണിന്റെ വിളി വരുന്നുണ്ടോ എന്ന് കാതോര്ക്കണം"

കുഞ്ഞുകുഞ്ഞു കര്ത്താവിന്റെ പ്രേതം പതിവ് പോലെ വന്നു ഉപദേശിക്കാൻ തുടങ്ങി..

"അത് പിന്നെ.. മുത്തച്ഛാ ..ഇത് ഞങ്ങൾ ജനിച്ച് വളർന്ന മണ്ണല്ലെ ...എത്രയോ തലമുറകളായിട്ട്..നമ്മൾ ഇവിടെ തന്നെ...വേരുകൾക്ക് നീളം കൂടും ... മണ്ണിൽ നിന്നാണ് എല്ലാം..അത്ര പെട്ടന്ന് പറിച്ച് നടാൻ പറ്റുമോ?

ശരിയാണ് ...! പക്ഷേ മണ്ണിനു വേണ്ടാത്തത് മണ്ണിൽ വാഴില്ല.....നിന്നെ
നീയാക്കിയത് ഈ മണ്ണ് നല്കിയ ഊർജ്ജമാണല്ലോ കുഞ്ഞേ ..മണ്ണിൽ നിന്നും മനസ്സിലേക്ക്..മനസ്സില് നിന്നും മനുഷ്യനിലേക്ക്..... കുഞ്ഞുകുഞ്ഞ്ഒന്നനക്കി ചിരിച്ച്കൊണ്ടു ഗോവർദ്ധനോടു ചോദിച്ചു ..പക്ഷെ മണ്ണിനു നീ തിരിച്ച് എന്ത് നല്കി ??...

ഞാൻ ഇപ്പൊ എന്ത് ചെയ്യണം എന്നാണു മുത്തച്ഛൻ പറയുന്നത് ?

കുഞ്ഞുകുഞ്ഞു കര്ത്താവിന്റെ പ്രേതം കറങ്ങുന്ന എർഗൊണൊമിക്  കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റ്  ചെറിയ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്താൻ തുടങ്ങി..

"ഉണ്ണീ"...എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയ ഗോവർദ്ധൻ പെട്ടന്ന് കണ്ണ്‍ തുറന്നപ്പോൾ മൂപ്പർ കസേരയിൽ ഇരിക്കാൻ ഭാവിക്കുകയായിരുന്നു..

"നിന്റെ നില നില്പ്പ് ഇന്ന് നിന്റെ മാത്രം ആവശ്യമാണല്ലൊ..അത് മണ്ണിനു കൂടെ ആവശ്യമാവുന്ന അന്ന് ഒരു കാറ്റിനും മഴക്കും വീഴ്ത്താനാവാതെ മണ്ണ് നിന്നെ ഉറപ്പിച്ചു നിര്ത്തും...ഞാൻ ഒരു കഥ പറയാം..."