Thursday, November 26, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 21

നിഴലുകൾക്ക് നീളം കുറഞ്ഞപ്പോഴാണ് ഗോവർദ്ധൻ ഉണർന്നത്...മുത്തച്ഛനെ ആ മുറിക്കുള്ളിലെങ്ങും കണ്ടില്ല..!ചരിത്രത്തിലേക്കുള്ള മുത്തച്ഛന്റെ മടങ്ങിപ്പോക്ക് അയാൾക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു....

ഓഫീസ് മുറിക്ക് വെളിയിലിറങ്ങിയത് ആത്മവിശ്വാസം സ്പുരിക്കുന്ന മുഖമുള്ള പുതിയൊരു ഗോവർദ്ധൻ ആയിരുന്നു...സോഫയിലേക്ക് മലർന്ന്..തന്റെ ലാപ്ടോപ്‌ തുറന്ന് ഫേസ് ബുക്ക് ഫീഡുകളിലൂടെ അയാൾ കണ്ണോടിച്ചു....

ഫെറോക്കിൽ ടിപ്പുവിന് സ്മാരകം പണിയുന്നതുമായി ബന്ധപെട്ട വിവാദം സോഷ്യൽ മീഡിയ എറ്റെടുത്തു കഴിഞ്ഞിരുന്നു...

"ഇന്ത്യയിലെ മുസ്ലിം രാജാക്കന്മാർ, വർഗ്ഗീത പ്രചരിപ്പിച്ചിരുന്നെങ്കിൽ  ഭാരതം പണ്ടേ മുസ്ലിം രാജ്യമായേനെ...ടിപ്പു ദേശസ്നേഹിയും, അപരാജിതനും ആയതു കൊണ്ടാണ് സായിപ്പ് പട്ടിക്ക് ടിപ്പു എന്ന് പേരിട്ടത്..ചരിത്ര ബോധമില്ലാത്ത മലയാളികളാണ് ഇപ്പോൾ സ്മാരമാത്തെ എതിർക്കുന്നത്..."

കോട്ടയത്തുള്ള രമേശ്‌ നായരുടെ പോസ്റ്റ്‌ കണ്ട് ഗോവർദ്ധൻ മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങിയെങ്കിലും പന്നെ അത് വേണ്ടന്നു വച്ചു...

ലാപ് ടോപ് അടച്ചു വച്ച് അവൻ പുറത്തിറങ്ങി...മറുത്തൊന്നും പറയാതെ മണ്ണെന്നും തന്നിട്ടെയുള്ളു..അത് തലമുറകളുടെ പുണ്യം..ഈ മണ്ണിന് തന്നോടെന്താവും ഇനി പറയാനുള്ളത്...

"ഗോപൂ നിന്റെ മൊബൈൽ അടിക്കുന്നു..."അമ്മയുടെ വിളി കേട്ട് അവൻ ഞൊടിയിൽ തിരിഞ്ഞ് അകത്തേക്ക് നടന്നു....




 

Wednesday, November 25, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 20

..പിന്നെ കുഞ്ചുവിനും  രോഗം വന്നു...ഒടുവിൽ അവനും ഞങ്ങളെ വിട്ട് പോയി...! കുഞ്ഞു കുഞ്ഞിന്റെ ദീർഘ നിശ്വാസം ഒരു ചെറിയ  നിശബ്ദതക്ക് വഴിമാറി...

ഒടുവിൽ എല്ലാം ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകാം എന്ന് തീരുമാനം ആയി...പക്ഷെ പഴുത്ത കുരുമുളക് പോലെ എന്റെ ദേഹത്തും വസൂരി വിത്ത് മുളപൊട്ടിയപ്പോൾ ഇനിയെന്താണ്  വേണ്ടതെന്ന് അമ്മാവന് ഒരു നിശ്ചയം ഉണ്ടായില്ല..."ബ്രാഹ്മണ ശാപം മുച്ചൂടും മുടിക്കുമല്ലോ വല്യോപ്പേ.." എന്ന് പറഞ്ഞ് വലിയമ്മ കരഞ്ഞതും ഞാൻ ഓർക്കുന്നുണ്ട്...ന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു കാണില്ല...കരഞ്ഞ് കരഞ്ഞ് ആ കണ്ണുകൾ എന്നേ വറ്റിയിരിക്കണം...

 ..എന്നിട്ട്...മുത്തച്ഛൻ എങ്ങനെ രക്ഷപെട്ടു...?

ചികിത്സ ഫലിക്കുന്നില്ലന്ന് എന്നെ ശുശ്രൂഷിച്ചിരുന്നവരുടെ അടക്കം പറച്ചിലിൽ നിന്നും എനിക്കേതാണ്ട് ബോദ്ധ്യമായി...ഞാൻ ആകെ തളർന്നിരുന്നു...ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും  തോന്നി...അപ്പോഴാണത്രെ നമ്മുടെ ചോതി വലിയമ്മാവന് മുന്നില് പ്രത്യക്ഷപ്പെടുന്നത്...!

"ആരുമെങ്ങും പോവരുതെന്നും..മണ്ണിനെ കാത്തവരെ മണ്ണ് തുണക്കുമെന്നും...വലിയമ്മവാൻ അനുവദിക്കുമെങ്കിൽ ഒപ്പയെ
സുഖപ്പെടുത്താമെന്നും...പച്ചമരുന്ന് ചിലതൊക്കെ വശമുണ്ടെന്നും...അവൻ അറിയിച്ചു" വെന്നാണ് മണി പിന്നീടൊരിക്കൽ എന്നോട് പറഞ്ഞത്

"കുറുമ്പ കാത്തു" വെന്ന് അവൻ എപ്പോഴും പറയുമായിരുന്നു...

അങ്ങനെ...അവന്റെ മരുന്നും പ്രാർത്ഥനയും ഫലിച്ച് തുടങ്ങിയത്തിനു ശേഷമുള്ള നിലാവുള്ള..തെളിഞ്ഞ..രാത്രികളിൽ...തെക്കിനിയിലേക്ക് ഒഴുകിയെത്തിയിരുന്ന നാടൻ ശീലുകൾ ഇപ്പോഴുമെന്റെ നാവിൻ തുമ്പിലുണ്ട്...അവയ്ക്ക് മണ്ണിന്റെ മണമുണ്ടായിരുന്നു....അതിൽ അമ്മയുടെ സാന്ത്വനം ഉണ്ടായിരുന്നു...

പുറത്തെ നിലാവ് നോക്കിയിരുന്ന ഗോവർദ്ധനോട് ചേർന്നു നിന്നുകൊണ്ട് കുഞ്ഞുകുഞ്ഞു പറഞ്ഞു
അമ്മയുടെ തുണ ഏത് കൂരിരുട്ടിലും നിലാവ് പോലെ പരക്കും....!
 

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 19

മണ്ണ് തന്നെയാണ് അമ്മ...അമ്മയിൽ നിന്ന് തുടക്കം..അമ്മയിൽ തന്നെ ഒടുക്കവും...! അമ്മ ഒരു കൈ കൊണ്ട് ശിക്ഷിക്കും...മറു കൈ കൊണ്ട് രക്ഷിക്കും...കുഞ്ഞുകുഞ്ഞു കർത്താവ് സംസാരിച്ച് തുടങ്ങി...

ഉണ്ണീ ..സംഭവിച്ചതെല്ലാം അമ്മ ആഗ്രഹിച്ചതു തന്നെ...ഞാനും നീയും ഒക്കെ നിമിത്തങ്ങളാണ്...മണ്ണിന്റെ നീതി നടപ്പാക്കുന്നതിന്...മണ്ണ് തിരഞ്ഞെടുത്തവർ..

അന്ന് വസൂരി കൊണ്ടു പോയത്  ടിപ്പുവിന്റെ കുറെ പടയാളികളെ മാത്രമല്ല...!കുഞ്ഞുകുഞ്ഞ് നിശബ്ദനായി..

ഗോവർദ്ധൻ മേശപ്പുറത്തിരുന്ന ജാറിൽ നിന്ന് അല്പ്പം വെള്ളം കുടിച്ചു...കണ്ണുകൾ തിരുമ്മിക്കൊണ്ട് മുത്തച്ഛനെ നോക്കി...

കൈകളിൽ  മുഖമമർത്തി കുനിഞ്ഞിരിക്കുകയായിരുന്ന കുഞ്ഞുകുഞ്ഞിന്റെ  അവ്യക്തമായ രൂപം അയാള്ക്ക് മുന്നിൽ മെല്ലെ തെളിഞ്ഞു വന്നു.....

മുത്തച്ഛാ..!

കുഞ്ഞുകുഞ്ഞ് പൊടുന്നനെ മുഖമുയർത്തി..അയാളുടെ കലങ്ങിയ കണ്ണുകൾ കഥ പറഞ്ഞു തുടങ്ങി....

യുദ്ധം കഴിഞ്ഞ് അമ്മാവന്റെ നിർദ്ദേശ പ്രകാരം ഞാൻ തറവാട്ടിലേക്ക് മടങ്ങി  എത്തുമ്പോഴേക്ക് രാമനെയും ചെറിയമ്മയേയും മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു...രാമൻ...! ഹോ.!! അവനും എന്നെപ്പോലെ.. അപകടം അറിഞ്ഞ് കൊണ്ട് തന്നെ വിധിയുടെ അനിവാര്യതയിലേക്ക് നടന്നു നീങ്ങുകയായിരുന്നു...

അമ്മാവൻ മാനസ്സിനെ സ്വയം കുത്തി നോവിക്കുന്നത് കണ്ട് ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു...അമ്മാവൻ അകെ  തളർന്നിരുന്നു...

അമ്മയെ കണ്ടു...അമ്മ സ്വയം ദേവിക്ക് അർപ്പിച്ചിരുന്നു...കരഞ്ഞ് കലങ്ങിയ ആ കണ്ണുകളിൽ ഞാൻ അഭയം തേടി...



 

Saturday, November 21, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 18

"മണ്ണേ നമ്പിലേലയ്യ മരമിരിക്ക്
മരത്തെ  നമ്പിലേലയ്യ കൊമ്പിരിക്ക്
കൊമ്പേ  നമ്പിലേലയ്യ പൂവിരിക്ക്
പൂവേ നമ്പിലേലയ്യ കായിരിക്ക്
കായേ നമ്പിലേലയ്യ പഴമിരിക്ക്
പഴത്തെ നമ്പിലേലയ്യ നാമിരിക്ക്
നമ്മെ നമ്പിലേലയ്യാ നാടിരിക്ക്.."

മണ്ണിൽ നിന്ന് മനുഷ്യനിലേക്കുള്ള ദൂരം ഒരു നിമിഷം ഗോവർദ്ധന്റെ മനസ്സിൽ തെളിഞ്ഞു..മണ്ണിനെക്കുറിച്ചുള്ള ചിന്തകൾ അടുക്കിപ്പെറുക്കുന്ന തിരക്കിലായിരുന്നു അയാൾ..

സംസ്കാരത്തിന്റെ വിത്ത് ഓരോ മണ്ണും അതിന്റെ ദിവ്യ ഗർഭത്തിൽ ഒളിപ്പിച്ചിരിക്കും... മനുഷ്യന്   ഇക്കാര്യത്തിൽ  ഒന്നും ചെയ്യാനില്ല...മണ്ണിന് വിധേയനായി...മണ്ണിൽ പൂത്തുലയുന്ന  സംസ്കാരത്തിന് വിധേയനായി ജീവിക്കുക..അതിനാവുന്നില്ലെങ്കിൽ  ഒഴിഞ്ഞ് പോവുക...മറ്റൊരു മണ്ണ് നമ്മെ വിളിക്കുന്നുണ്ടാവും...!

മണ്ണിനെ അനുസരിപ്പിക്കുന്ന മനുഷ്യനല്ല...മണ്ണിനെ അനുസരിക്കുന്ന മനുഷ്യനെ നിലനില്പ്പുള്ളൂ...!

..ചിലർ  വിളിക്കാതെ വരും...അവരുടെ ലക്ഷ്യം  മണ്ണിനെ കീഴടക്കലാണ് ..പക്ഷെ മണ്ണിനെ പിഴപ്പിച്ച്  പുതു  സംസ്കൃതിയുടെ വിത്ത് പാവാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാവും...മണ്ണിന് പ്രിയപ്പെട്ടതെ ആത്യന്തികമായി മണ്ണിൽ നില നിൽക്കൂ...തനിക്കിണങ്ങിയവരെ മണ്ണ് തന്നിലേക്ക് കൊണ്ടുവരും...

...മണ്ണ് പിടക്കുമ്പോൾ...ആത്മ  രക്ഷാർത്ഥം മണ്ണ് വിളിക്കുമ്പോൾ...ചിലർ ആ വിളി  കേൽക്കും...മണ്ണിനൊപ്പം നിൽക്കും...അവർക്കായി മണ്ണ് പൊന്നു വിളയിക്കും...!

ഗോവർദ്ധനെ ശ്രദ്ധിക്കാതെ കുഞ്ഞു കുഞ്ഞു കർത്താവ് സ്വബോധം നഷ്ടപെട്ടവനെ പോലെ പാടി കൊണ്ടിരുന്നു...

"മണ്ണേ നമ്പിലേലയ്യ മരമിരിക്ക്
മരത്തെ  നമ്പിലേലയ്യ കൊമ്പിരിക്ക്
കൊമ്പേ  നമ്പിലേലയ്യ പൂവിരിക്ക്
പൂവേ നമ്പിലേലയ്യ കായിരിക്ക്
കായേ നമ്പിലേലയ്യ പഴമിരിക്ക്
പഴത്തെ നമ്പിലേലയ്യ നാമിരിക്ക്
നമ്മെ നമ്പിലേലയ്യാ നാടിരിക്ക്.."

Sunday, November 8, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 17

"....ഒടുവിൽ  കൂടുതൽ സന്നാഹങ്ങളുമായി..കോട്ട തകർത്ത് മൈസൂർ സൈന്യം തിരുവിതാംകൂറിന്റെ മണ്ണിൽ കാലു കുത്തി..കണ്ണിൽക്കണ്ട ക്ഷേത്രങ്ങളും  പള്ളികളും  തകർത്ത് വർദ്ധിച്ച സന്തോഷത്തോടെ മുന്നേറുമ്പോൾ.. അവർ...അവർ  അറിഞ്ഞിരിക്കില്ല... മരണത്തിന്റെ വിത്ത് അവർക്കിടയിൽ മുളച്ച് പൊന്തുന്നത്....അല്ലെ മുത്തച്ഛാ..?"

"അതെ.." കുഞ്ഞുകുഞ്ഞു കർത്താവ് ഒരു ചെറു പുഞ്ചിരിയോടെ തുടർന്നു, "....ഒടുവിൽ..ശിവ ചൈതന്യം കുടികൊള്ളുന്ന ആ  മണൽ പുറത്ത് എത്തിയപ്പോഴേക്കും...വസൂരി പടർന്ന് പിടിച്ചിരുന്നു....മൈസൂർ സൈന്യത്തിനുള്ള ഭക്ഷണ സാമഗ്രികൾ മിക്കപ്പോഴും ലക്ഷ്യത്തിലെത്തും മുൻപേ ഞങ്ങൾ കൊള്ളയടിച്ചു പോന്നു...ഒരടി മുന്നോട്ട് പോവാനാവത്ത വിധം സൈന്യം വശം കെട്ടിരുന്നു...ഒടുവിൽ പാളയത്തിൽ തന്നെ പോരു തുടങ്ങി...തിരിച്ചു പോവാനുള്ള സമ്മർദ്ദം ടിപ്പുവിനു മേൽ ഏറികൊണ്ടിരുന്നു.....!

കുഞ്ചുവടക്കമുള്ള  ഭീമന്മാരടങ്ങുന്ന മറ്റൊരു സംഘം ഈ സമയം കിഴക്കൻ മല കയറിക്കൊണ്ടിരുന്നു....ഭൂതത്താൻ കെട്ടിനോട് ചേർന്നുളള ഒരു ചെറിയ ജല സംഭരണി ആയിരുന്നു  അവരുടെ ലക്ഷ്യം...

ഇരുട്ടിൽ ഭൂത ഗണങ്ങൾ ഉറഞ്ഞാടിയിരിക്കണം...നൃത്തത്തിന്റെ ചടുല താളം അവരുടെ കൈകളിലേക്ക് ആവേശം പകർന്നിരിക്കന്നം .. ആയുധങ്ങൾ പാറയിൽ ഉടുക്കിന്റെ പ്രകമ്പനങ്ങൾ തീർത്തിരിക്കണം...!"

കുഞ്ഞുകുഞ്ഞു ദീർഘ നിശ്വാസം ചെയ്തു...നിശബ്ദത തകർത്തത് ഗോവർദ്ധനായിരുന്നു...

"പകർച്ച വ്യാധികളാൽ നട്ടം തിരിഞ്ഞ മൈസൂറിന്റെ സമയം പാഴായി പൊയ്ക്കൊണ്ടിരുന്നു...ഒടുവിൽ ഭൂതത്താൻ കെട്ട് തകർന്നതോടെ പെരിയാറ് കര കവഞ്ഞ് ഒഴുകി...ടിപ്പുവിന്റെ കുറെ സൈനികർ പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി...വെടിമരുന്ന് ശേഖരം ഏതാണ്ട് മുഴുവനായും നനഞ്ഞ്‌ കുതിർന്നു...ഹോളണ്ടിന്റെ  പകരക്കാരൻ  ജനറൽ മെഡോസ് ശ്രീരങ്ക പട്ടണം ആക്രമിക്കാൻ തയ്യാറെടുപ്പ് നടത്തുന്നുവെന്ന വാർത്തയും അറിഞ്ഞതോടെ  ടിപ്പു ഉടൻ തന്നെ തിരികെപ്പോകാൻ തീരുമാനിക്കുകയായിരുന്നു.." മലബാർ ചരിത്രത്തിന്റെ അടിവേരുകൾ - എം. കെ. രുദ്ര വാരിയർ എന്ന പുസ്തകം അടച്ച് വച്ച് ഗോവർദ്ധൻ കട്ടിലിൽ അനന്ത ശയനം ചെയ്യുന്ന  കുഞ്ഞു കുഞ്ഞു കർത്താവിനെ നോക്കി പുഞ്ചിരിച്ചു