Tuesday, September 29, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 13



അല്ലാ..! ഞാനൊന്നു ചോദിക്കട്ടെ...തിരുവിതാംകൂറുമായി ബ്രിട്ടണ്‍ ഉണ്ടാക്കിയ കരാർ  അനുസരിച്ച് ടിപ്പു ആക്രമിച്ചാൽ ബ്രിട്ടണ്‍ മൈസൂറിനോട് യുദ്ധം പ്രഖ്യാപിക്കുമെന്ന് ടിപ്പുവിന് അറിയാമായിരുന്നില്ലേ....? ന്നിട്ടും അയാള് എന്തിനാണ് ആ സാഹസത്തിനു മുതിർന്നത്? അവിടെ തിങ്ങി നിന്ന മൗനത്തെ ഭഞ്ജിച്ച് കൊണ്ട് ഗോവർധ്ധൻ ചോദിച്ചു.

അതെ...! അതാണ് ഞാൻ പറഞ്ഞ് വരുന്നത്..

ടിപ്പു ആക്രമണത്തിനു കോപ്പ് കൂട്ടുന്നു എന്ന് മൈസൂരിൽ നിന്നും സന്ദേശമെത്തിയ അന്ന്.. അന്നാണ്  കുഞ്ചുവിനെ ഞാൻ ഏറെ നാളുകൾക്ക് ശേഷം കാണുന്നത്...എന്നാൽ ആശങ്കക്ക് വകയുള്ള ഒന്ന് കൂടി അവൻ അറിയിച്ചു...ഏതാനും ആഴ്ച്ചകൾക്ക് മുന്പേ മൈസൂറിന്റെ തീരത്ത് ഒരു കപ്പൽ ഛേദം നടന്നുവത്രേ ! അതൊരു ബ്രിട്ടിഷ് കപ്പലായിരുന്നുവെന്നും...മദിരാശിയിലെ ഗവർണർ സായവ് ജോണ്‍ ഹോളണ്ടിന് വളരെ വേണ്ടപെട്ടവരെന്നു  കരുതുന്ന രണ്ടു പേരെ മൈസൂർ തടവിലാക്കിയിട്ടുണ്ടാകാമെന്നും അവൻ പറഞ്ഞു..!

കുഞ്ചുവിന്റെ ഗുസ്തി ഭ്രമവും കായ ബലവുമാണ് അവനെ  മൈസൂറിലേക്ക് നിയോഗിക്കാൻ കാരണമായത്...മെല്ലെ തലയുയർത്തി ഗൊവർദ്ധനെ നോക്കി കുലുങ്ങിച്ചിരിച്ച് കൊണ്ട് കുഞ്ഞുകുഞ്ഞ്‌ തുടർന്നു..അവനൊരു ഭീമനായിരുന്നു...ഭക്ഷണവും അതുപോലൊക്കെത്തന്നെ..ഹയാത്ത് സാഹെബ് അവശ്യപെട്ടതും അങ്ങനെയൊരാളെയാണ്...!

ഹയാത്ത് സാഹെബ്?

അതെ..മുഹമ്മദ്‌ ആയാസ് ഖാൻ എന്ന ഹയാത്ത് സാഹെബ്..!!

ഹൈദർ ഇവിടുന്ന് കടത്തികൊണ്ട് പോയി മതം മാറ്റിയ നായന്മാരിൽ  കുമാരാൻ നമ്പ്യാർ എന്നൊരു ബാലനും ഉണ്ടായിരുന്നു.. മൈസൂറിലെ സാഹചര്യങ്ങൾ ഇയാളിലെ  യോദ്ധാവിനെ പരുവപ്പെടുത്തിയെടുത്തു...ഹൈദറിനു വേണ്ടി ജീവൻ വെടിയാൻ  സദാ സന്നദ്ധനുമായിരുന്നു അയാൾ...എന്തിനേറെ..! തന്റെ പ്രീതിക്ക് പാത്രമായ ആയാസ് ഖാനെ ഹൈദർ ബെദനൂർ നവാബായി വഴിക്കുക പോലുമുണ്ടായി..പക്ഷെ ഹൈദറിന്റെ കഥ കഴിഞ്ഞതോടെ ടിപ്പുവുമയി തെറ്റിപ്പിരിഞ്ഞ് അയാൾ ബോംബയിൽ അഭയം തേടി...ബ്രിട്ടണ്‍ അയാളെ സ്വീകരിച്ചില്ലെങ്കിലല്ലെ അത്ഭുതപ്പെടാനുള്ളു..!

അങ്ങനെയുള്ള ആയാസ് സാഹെബായിരുന്നു മൈസൂറിന്റെ അണിയറ രഹസ്യങ്ങളിലേക്കുള്ള നമ്മുടെ പിടിവള്ളി...

അബ്ബാസ് ഭായ് എന്ന് കുഞ്ചു വിളിക്കുന്ന..രഹസ്യാന്വേഷണ-ക്രമസമാധാന  ചുമതലകൾ  വഹിച്ചിരുന്ന മൈസൂറിലെ  ഒരു ഉദ്യോഗസ്ഥനെ ചെന്ന് കാണാനാണ് അവന്  നിർദ്ദേശം ലഭിച്ചത്. അബ്ബാസ്‌ ഭായ് ഒന്നാന്തരമൊരു ഫയൽവാൻ ആയിരുന്നു..അയാളുടെ ഗുസ്തിയോടും ഗുസ്തിക്കാരോടുമുള്ള താത്പര്യം മുതലാക്കുകയായിരുന്നു ലക്ഷ്യം..ഏതാണ്ട് രണ്ടു വർഷം മുന്നേ ദഷരയോട് അനുബന്ധിച്ച് നടന്ന ഗുസ്തി മത്സരങ്ങളിൽ..അയാളുടെ രണ്ട് ശിഷ്യന്മാര അവൻ മലർത്തിയടിച്ചതോടെ അബ്ബാസ് ഭായിയുടെ  മനസ്സിലേക്കുള്ള വഴി തുറന്നു കിട്ടി...

അബ്ബാസ്‌ ഭായിയെ വിശ്വസിക്കാമെങ്കിൽ ഹോളണ്ട് നിസ്സഹായനായേക്കുമെന്നും  ഒരു പക്ഷെ കൽക്കട്ടയിൽ നിന്നും അടിയന്തിര ഇടപെടൽ ആവശ്യമായി വന്നേക്കും എന്നുമാണ് കുഞ്ചു അറിയിച്ചത്.....

കൽക്കട്ടക്ക് സന്ദേശമയക്കാനും, സ്വന്തം നിലക്ക് ഒരു താല്ക്കാലിക ചെറുത്തു നിൽപ്പിന് സൈന്യത്തെ സജ്ജമാക്കനുമാക്കാനും...നെടും കോട്ട ശക്തിപ്പെടുത്താനും ദിവാൻ തീരുമാനിച്ചതൊടെ യുദ്ധം എന്ന യാഥാർത്ഥ്യത്തിലേക്ക് നാടുണരുകയായിരുന്നു.....