Saturday, August 30, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 9


മച്ചിൽ ഭഗവതിക്ക് നേദിച്ച പാലിൽ മലരും മധുരവും ചേർത്ത് തിങ്കളാഴ്ചകളിൽ അമ്മ ഞങ്ങൾക്ക് തന്നിരുന്നു... പാലക്കാട് നിന്നും അന്ന് ധൃതിയിൽ പുറപ്പെട്ടു പോന്നപ്പോഴും അമ്മ കൂടെ കൊണ്ടു പോരാൻ ആഗ്രഹിച്ചത് ദേവിയുടെ ഒരു ചെറിയ വിഗ്രഹമാണ്‌ ...അതവിടെ തറവാടിനോട് ചെർന്ന ഒരു ചെറിയ കാവിലെ പ്രതിഷ്ഠയായിരുന്നത്രെ.

"ന്റെ അമ്മ" എന്നാണ് അമ്മ എപ്പോഴും പറയാറ്..ഞങ്ങളുടെ മനസ്സിൽ വിളി കോറിയിട്ടത് ഏതാപത്തിലും സ്വന്തം മക്കളെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന അമ്മയുടെ ചിത്രമാണ്... കാലത്തിനുമപ്പുറത്ത്.. കാതങ്ങൾക്കുമപ്പുറത്ത് ഏതു കൂരിരുട്ടിലും പ്രഭ ചൊരിഞ്ഞ് അമ്മയുടെ വാത്സല്യം തുണയുണ്ടാകുമെന്ന വിശ്വാസവും വിളി എനിക്ക് സമ്മാനിച്ചു..'അമ്മേ ..എന്നെ കാത്ത് രക്ഷിക്കണേ' എന്ന് പ്രാർത്ഥിക്കുമ്പോൾ ഇപ്പോഴും എന്റെ പെറ്റമ്മ എന്റെ കൂടെയുണ്ടെന്ന തോന്നലാ.....

ഞാനിപ്പോഴും കരുതണത് എല്ലാം മച്ചിൽ ഭഗോതീടെ കടാക്ഷംന്ന് തന്നെയാണ് .... കഥ തീരുമ്പോൾ ഉണ്ണിക്കും അത് തോന്നും നിശ്ചയം...!!!കുഞ്ഞുകുഞ്ഞ് കർത്താവിന്റെ ശബ്ദം ഇടറുന്നതു ഗോവർദ്ധൻ ശ്രദ്ധിച്ചു...

അതിരിക്കട്ടെ.... ഇവിടെയൊക്കെ പണിക്ക് വന്നിരുന്ന ഒരു ചോതികുഞ്ഞിനെ നീ ഓർക്കുന്നുണ്ടോ..മരിച്ച് പോയി..!!...അവന്റെയൊരു മുതു മുത്തച്ഛൻ ചോതിയുണ്ടായിരുന്നു....അവന്റെ വീട്ടുകാരൊക്കെ അന്നേ
നമ്മുടെ പാടത്തും പറമ്പിലുമൊക്കെ പണി ചെയ്തിരുന്നു..
ഞങ്ങൾ കുട്ടികൾ തൊടിയിലും മറ്റും മേളിച്ച് നടക്കുമ്പോൾ ചോതി ദൂരെ മാറി നിന്ന് ഞങ്ങളെ തന്നെ നോക്കി നിൽക്കും...അടുത്ത് വരാൻ അനുവാദമുണ്ടായിരുന്നില്ല...ഞങ്ങൾ അടുത്ത് ചെല്ലുമ്പോൾ അവൻ ദൂരേക്ക് ഓടിപ്പോകും.....!!! പിന്നെ പിന്നെ...അകലമൊക്കെയങ്ങ് കുറഞ്ഞു....കുട്ട്യോളല്ലെ!!!.കുഞ്ഞുകുഞ്ഞ് കുലുങ്ങി ചിരിച്ചു...

'ചെറിയമ്പ്രാരെ ..വലിയമ്പ്രാൻ കളരി വലുതാക്കാമ്പോണ്'...ഒരു ദിവസം അവൻ ഓടി വന്നിട്ട് കുറച്ചകലെ മാറി നിന്ന് ഞങ്ങളെ അറിയിച്ചു....ഞങ്ങളൊറ്റ കുതിപ്പിന് കളരിയിലെത്തി...അനന്തപുരിയിൽ നിന്നും തിരികെ വന്നിട്ട് ഞങ്ങൾക്ക് കളരിയിൽ ചേരാൻ അനുവാദം നൽകാമെന്ന് വലിയമ്മവാൻ സമ്മതിച്ചിരുന്നല്ലോ..

അമ്മാവനും കളരിഗുരുവായ ശങ്കര  പണിക്കരും എന്തോ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു...രണ്ട് പേരെയും ഉപചാര പൂർവ്വം വണങ്ങി ഞങ്ങൾ ആകാംഷയോടെ മാറി നിന്നു.."കുട്ടികൾ നാളെ മുതൽ കളരിയിൽ വരട്ടെ പണിക്കരെ..."അമ്മാവൻ പറയുന്നത് കേട്ടപ്പോഴാണ് ഞങ്ങൾക്ക്
ആശ്വാസമായത്...പണിക്കരാശാൻ ഞങ്ങളോടായിപ്പറഞ്ഞു "നിങ്ങളുടെ വലിയമ്മാവൻ ഇനി മുതൽ കർത്താവാണ്..അറിയാമോ..മൂവായിരം പടയാളികൾക്കുടയോൻ...എല്ലാം ധർമരാജാവ് പോന്നു തമ്പുരാന്റെ കൃപ... നാളെ മുതൽ കളരിയിൽ വരണം..തറവാടിന്റെയും മണ്ണിന്റെയും മാനം കാക്കാൻ ഒരുങ്ങുക.."

 

Saturday, August 2, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 8

പച്ച വെളിച്ചത്തിൽ ആർക്കും അധികമൊന്നും ചെയ്യാനില്ലെന്നതാണ് സത്യം...ഇരുട്ടാണ് ജയവും പരാജയവും  നിർണ്ണയിക്കുന്നത്...അസ്വസ്ഥതയുടെ പൊടിപടലങ്ങൾ നേർക്കാഴ്ച
മറയ്ക്കും..ഇരുട്ടടിയിൽ ആരാണ് നില തെറ്റി താഴെ വീഴാത്തത്? പിന്നെ വെളിച്ചം കണ്ണുകളെ തഴുകുമ്പോൾ ഞെട്ടിയെഴുന്നീറ്റ് വൃഥാ തിരിച്ചടിക്ക് മുതിരുമെങ്കിലും അപ്പോഴേക്ക് എല്ലാം
അവസാനിച്ചിരിക്കും...

അക്കാലത്ത് ഹൈദറിന്റെ പീഡനം പേടിച്ച് മലബാറിലെ ബ്രാഹ്മണരിൽ വലിയൊരു വിഭാഗം തിരുവിതാംകൂറിന്റെ
മണ്ണിൽ അഭയം തേടിയിരുന്നു..ആ രണ്ട് പേരും അക്കൂട്ടത്തിൽ പെട്ടവരാണെന്നാണ് ആദ്യം കരുതിയത്...അവര്ക്ക് കുറച്ച് നാൾ ഇവിടെ തങ്ങാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന് ആവശ്യപെട്ടപ്പോൾ വലിയമ്മാവൻ വലിയ സന്തോഷത്തോടെ അവരെ സ്വീകരിച്ച് സല്ക്കരിക്കുകയണുണ്ടായി...

കുഞ്ഞുകുഞ്ഞ് സംസാരം നിർത്തി കണ്പോളകളുയർത്തി ഗോവർദ്ധനെ നോക്കി അവൻ തന്റെ  സംസാരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി..

തിരുവിതാംകൂറിന്റെ ചാരന്മാരെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് തന്നെ അന്നാണ് കേട്ടോ...വലിയമ്മാവൻ ആ ബ്രാഹ്മണരെ കൊന്നയന്ന്...!!! മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള
കുടിയേറ്റം മുതലാക്കാൻ മൈസൂർ ശ്രമിക്കുന്നുണ്ടെന്ന് തിരുവിതാംകൂറിന്റെ ചാരന്മാർ മനസ്സിലാക്കിയിരുന്നു..
അതെത്തുടർന്ന് വ്യാജന്മാരെ കുടുക്കാനുള്ള
ശ്രമങ്ങളും നടന്നിരുന്നു...ഈ രഹസ്യ നീക്കങ്ങളിലുള്ള 
വലിയമ്മാവന്റെ പങ്ക് കൂടെ ഞങ്ങൾക്കന്ന് ബോദ്ധ്യപ്പെട്ടു..

കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും അഭിമാനിക്കാൻ വകയുള്ള എന്തോ ഒന്നാണ് അമ്മാവൻ ചെയ്തതെന്ന് ഞങ്ങള്ക്ക് അന്ന് തോന്നി..പക്ഷെ രണ്ട് നാൾ കഴിഞ്ഞ് ഒരു ത്രിസന്ധ്യക്ക് അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് അമ്മ പറഞ്ഞത് "ന്റെ ഉണ്ണിക്ക് അങ്കോം പങ്കപ്പാടും വേണ്ട" എന്നാണ്...

അവരെ കൊന്നു തള്ളിയ സ്ഥലം ഞങ്ങൾ കുട്ടികൾക്ക് കൊല്ലമ്പറമ്പായി...പിന്നെ കുറെ കാലം അങ്ങോട്ട് പോകാൻ തന്നെ ഭയമായിരുന്നു...




 

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 7

ഇത്രയും ഞാൻ കേട്ടറിഞ്ഞത്..ഉണ്ണീ, ഇനി അങ്ങോട്ട് എന്റെ അനുഭവങ്ങൾ...

"ടിപ്പുവിനെ കൊല്ലണം" ആ ചിന്ത പെട്ടന്ന് ഒരു മഴയത്ത് പൊട്ടിമുളച്ചതല്ല... പക്ഷെ കളരിയിൽ കച്ച കെട്ടിയ കാലം മുതല്ക്കെങ്കിലും ഞങ്ങളെ മുന്നോട്ട് നയിച്ചത് ആ ചിന്ത പകർന്ന ഇത്തിരി വെളിച്ചമായിയിരുന്നു..

കുട്ടിക്കാലത്ത് പേര മരത്തിന്റെ ചില്ല കൊണ്ടുണ്ടാക്കിയ വില്ലിൽ ഈർക്കിൽ അമ്പ് കോർക്കുമ്പോഴും, വലിയമ്മാവാൻ ഓല മടലു
വെട്ടിയുണ്ടാക്കി തന്ന വാളു കൊണ്ടു അങ്കം കുറിക്കുമ്പോഴും   എതിരാളി ഹൈദരായിരുന്നു...നാലുകെട്ടിന്റെ ഇരുട്ട് മൂടിയ മുറികളിൽ ഒരുമിച്ചിരുന്ന്, ജനലഴികളുടെ ഇത്തിരി വിടവിലൂടെ, പുറത്തെ ചെറിയ കാറ്റും മഴയും നോക്കി കാണവെ, ഞങ്ങളറിയാതെ തന്നെ ഉള്ളിൽ ചാരം മൂടിക്കിടന്ന കനൽ പതിയെ ആളി തുടങ്ങിയിരുന്നിരിക്കണം...

പുറത്ത് മഴ പതിയെ കനക്കുകയായിരുന്നു.....ഇരുട്ട് ശക്തി പ്രാപിച്ച് തുടങ്ങിയിരുന്നു...ഞങ്ങൾക്ക് ആ ഇരുട്ടിന്റെ മറയത്ത്
പലതും ചെയ്യാനുണ്ടായിരുന്നു...