Tuesday, August 25, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 12

രാത്രിയുടെ നിഗൂഢതയിലേക്ക് എടുത്തെറിയപ്പെട്ടത് പോലെ തോന്നി  ഗോവർദ്ധന്. പക്ഷെ ഇരുട്ടിന്റെ തുരങ്കത്തിലൂടെ സഞ്ചരിച്ച് കാലങ്ങൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാനാവുമെന്ന് അവൻ ഉറച്ച് വിശ്വസിച്ചു.. കണ്ടോ .!.ശരിയാണ് ! താനിപ്പോ  ഒരു പഴയ നാലുകെട്ടിന്റെ കോലായിൽ നിന്ന് അകത്തെ വിശേഷങ്ങൾ കാണുകയാണ്. ..!

'ബ്രഹ്മ ഹത്യയല്ലേ !!..ബ്രാഹ്മണ ശാപം...ണ്ട് ...മറാ വ്യാധികൾ...ദുർമരണങ്ങൾ പോലും ...!! ..'
വൃദ്ധ ജ്യോതിഷിയുടെ  വാക്കുകൾ ഇരുൾ  മറച്ച് പിടിച്ചിരുന്ന തറവാടിന്റെ അകത്തളങ്ങളിലെവിടെയോ ദിശയറിയാതെ  തട്ടിത്തെറിച്ചത് പോലെ പൊടുന്നനെയുയർന്ന പിറു പിറുക്കലുകൾ ഗോവർദ്ധൻ ശ്രദ്ധിച്ചു..

അവിടമാകെ നിറഞ്ഞിരുന്ന ഇരുട്ടിൽ നിന്ന് വൃദ്ധന്റെ ചുളിവുകൾ വീണ നെറ്റിയിലെ വെള്ളി വരകൾ പതിയെ പതിയെ തെളിഞ്ഞു വരുന്നതായി ഗോവർദ്ധന് തോന്നി...'ദേവിയെ മുറുകെ പിടിക്ക്യ ..എല്ലാം ശരിയാവും'..

പരിചയമുള്ള മുഖങ്ങളൊന്നും ഗോവർദ്ധനപ്പോൾ ശ്രദ്ധിച്ചില്ല....അല്ലെങ്കിൽ തന്നെ ഇരുട്ട് ആളുകളുടെ മുഖം മറച്ചിരുന്നു..പക്ഷെ പ്രകാശം പരക്കുന്ന രണ്ടു കണ്ണുകൾ അറവാതില്ക്കലേക്ക് ദൃഷ്ടിയയച്ച് ..മെല്ലെ കൂമ്പുന്നത് അവൻ കണ്ടു..ആ കണ്ണുകളിൽ നിന്നും കിനിഞ്ഞിറങ്ങിയ കണ്ണുനീരിന്റെ തിളക്കത്തിലേക്ക് അവൻ നടന്ന് പോകുന്നത് ഒരു പക്ഷെ ഗോവർദ്ധൻ അറിഞ്ഞിരിക്കില്ല....

കണ്ണുനീരല്ല..പുഴയാണ്..!! തനിക്ക് വ്യക്തമായി കാണാനവുന്നുണ്ട് ..പൊടുന്നനെ  നിലയില്ലാത്ത  പുഴയുടെ അടിത്തട്ടിലേക്ക് എടുത്തെറിയപ്പെട്ടത് പോലെ തോന്നി അവന് ..

ഗോവർദ്ധൻ ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ ചാടിയെഴുന്നേറ്റ് കണ്ണ് തിരുമ്മി.. തന്റെ മേശപ്പുറത്തിരിക്കുന്ന ചരിത്ര പുസ്തകങ്ങളുടെ പുറം ചട്ടകളിലൂടെ അലസമായി കയ്യോടിച്ച്കൊണ്ട് ആരോടെന്നില്ലാതെ കഥ പറയുന്ന മുത്തച്ഛനെയാണ് അവൻ കണ്ടത്..

"അതെ ..അമ്മയുടെ പ്രാർത്ഥനയാണു  രക്ഷിച്ചതു...ന്റെ അമ്മയുടെ പ്രാർത്ഥന..".. അദ്ദേഹം തിരിഞ്ഞ് അവനെ നോക്കി മെല്ലെ പുഞ്ചിരിച്ചു