Monday, June 30, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 3

ഇതായിരുന്നോ നമ്മുടെ മണ്ണ്...? കുഞ്ഞു കുഞ്ഞു കർത്താവ്‌ കഥ പറഞ്ഞു തുടങ്ങി ...

അല്ല!!!നമുക്ക് ഈ  മണ്ണിന്റെ  വിളി  വന്നതാണ്..ഏകദേശം ഒരു  രണ്ടര നൂറ്റാണ്ട് മുന്പ്...അതിനും  മുന്നെ തലമുറകളെ ഊട്ടി വളർത്തിയത്‌ മറ്റൊരു മണ്ണ്...

മണ്ണിനെ വിട്ടുപിരിയുന്നത് അമ്മയെ വിട്ടു പിരിയുന്നത് പോലെ ബുദ്ധിമുട്ടാണ് .. മടിയാണ് ..പക്ഷെ പറയുമ്പോൾ
നിനക്ക് ഈര്ഷ്യ തോന്നരുത് ....നമ്മുടെ മണ്ണ്?..യഥാർത്ഥത്തിൽ അങ്ങനൊന്നുണ്ടൊ?

ഒരു കാലത്ത് പൂന്തുറക്കോന്റെ പേര് കേട്ട് ഈ ഭൂമി മലയാളത്തിലെ മണ്ണായ മണ്ണെല്ലാം നടുങ്ങിയിരുന്നു...
പെരിയാറിന്റെ തീരത്തെ ഈ മണ്ണിന് എന്നും ഭയമായിരുന്നു...പറങ്കികളെയും ലന്തക്കാരെയും, കുറച്ചു കാലം, ഇവിടെ  വേര് പടരാൻ അനുവദിച്ചെങ്കിലും
അതൊന്നുമത്ര  ഫലം കണ്ടില്ല...മണ്ണിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് സ്വയം തഴച്ച് വളരണമെന്നെ അവർക്കുണ്ടായുള്ളു.
കന്യാകുമാരി മുതൽ ഗോകർണം വരെ തന്റെ ചൊൽപ്പടിക്ക് നില്ക്കുന്നത് സ്വപ്നം കണ്ടുറങ്ങിയിരുന്ന സാമൂതിരിക്കാകട്ടെ , വിട്ട് കൊടുക്കാനൊട്ട്‌  ഒരു ഭാവവുമില്ലായിരുന്നുതാനും....

മണ്ണിന്റെ വിളി പിന്നെ കേട്ടത് തെകൂന്നുള്ളോരാ....പിന്നെക്കണ്ടത്,
കൊടുങ്ങല്ലൂർ മുതൽ  ആനമല  വരെ  നീണ്ട് കിടന്ന, നെടുംകോട്ടയുടെ  നിഴലിൽ,
തിരുവിതാംകൂർ മഹാരാജാവ്  ഈ മണ്ണിനെ   ഒളിപ്പിക്കുന്നതാണ്..

പക്ഷെ ആ ‌ വന്മതിലിനെയും തകര്ക്കാൻ കഴിവുള്ള ഒരു വ്യാഘ്രം വടക്ക് നിന്ന്  ഇങ്ങൊട്ടേക്ക് കുതിക്കുന്നുണ്ടായിരുന്നു...

എന്തോ അലോചിക്കുകയായിരുന്ന ഗോവര്ദ്ധനെ നോക്കി
ചിരിച്ചു കൊണ്ടു കുഞ്ഞുകുഞ്ഞ് തുടർന്നു ..

അതെ അയാള് തന്നെ...!!!തന്തക്കഴുവേറി മണ്ണിനു ചേരാത്ത  വിത്ത് പാകി മലബാറിലെ മണ്ണായ മണ്ണിനെയെല്ലാം  പിഴപ്പിച്ച് തിരിച്ചു പോയി...
ഇവിടത്തെ തുറമുഖങ്ങളും സുഗന്ധവ്യന്ഞനങ്ങളും സ്വപ്നം കണ്ട് തന്തയുടെ വഴിയെ നടന്ന മകൻ ടിപ്പു....

കുഞ്ഞു കുഞ്ഞിൽ ഗോവർദ്ധൻ  അന്ന് വരെ കണ്ടിട്ടില്ലാത്ത വികാരമായിരുന്നു വെറുപ്പ് ..കുഞ്ഞു കുഞ്ഞു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അയാളുടെ മനസ്സിന്റെ അടിയൊഴുക്കുകളെ കുറിച്ച് ഒരേകദേശ ധാരണ അവനുണ്ടായിരുന്നു..പക്ഷെ ശാന്ത സമുദ്രത്തിലെന്ന പോലെ കുഞ്ഞുകുഞ്ഞിന്റെ മുഖത്ത് ശാന്തത നിറഞ്ഞു ന്നിന്നു..

 

Friday, June 27, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 2

കപ്പലണ്ടി കൊറിക്കുമ്പോൾ പോലും ഒരു "അൽഗോരിത"ത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ നിന്നു കൊണ്ട്  ചിന്തിക്കാൻ താൻ  പ്രേരിതനാകുന്നു എന്ന് തോന്നിയപ്പോഴാണ് ഗോവർദ്ധൻ ടെക്നൊ പാർക്കിനോട്  വിടപറഞ്ഞത്...

ചരിത്രം ഐച്ഛിക വിഷയമായി പഠിച്ച്  മൂന്നു തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയ അയാളുടെ ഒടുവിലത്തെ ഉദ്യമം ഫലം കണ്ടു...

അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം അയാൾ തന്റെ ഫേസ് ബുക്കിൽ പേജിൽ ഇങ്ങനെ കുറിച്ചു.."ഇത് തലമുറകളുടെ വിജയം..I am just a newer version"

ചരിത്രത്തോടുള്ള  അടങ്ങാത്ത അഭിനിവേശം കൊണ്ട് അയാൾ തന്റെ ഒഴിവു  സമയങ്ങളെ ചരിത്ര പുസ്തകങ്ങളിൽ തളച്ചിട്ടിരുന്നു.

"എന്തോ നഷ്ടപെട്ടത് കണ്ടെത്തിയ സന്തോഷം" എന്നാണ് തന്റെ ചരിത്ര പഠനങ്ങളെ കുറിച്ച് അയാളെപ്പോഴും പറയാറ് ..."അതിനു പക്ഷെ ആദ്യം എന്തെങ്ങിലും നഷ്ടപ്പെട്ടു എന്ന തൊന്നലുണ്ടാവണം..!!!"

"അവനു ചരിത്രം പഠിച്ച് പഠിച്ച് വട്ടായതാണ്" എന്ന് ഗോവര്ദ്ധന്റെ അമ്മ ഇടക്ക് പറയാറുണ്ട്...

അതെന്തായാലും കുഞ്ഞു കുഞ്ഞു മുത്തച്ഛന്റെ പ്രേതം തന്നെ സന്ദർശിക്കുന്ന കാര്യം അയാൾ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല...

പണ്ടൊരിക്കൽ തന്റെ വംശ പരമ്പര ചികഞ്ഞ് സ്റ്റേറ്റ് ആര്ക്കൈവ്സിന്റെ
ലൈബ്രറിയിൽ രണ്ടു ദിവസം തന്നെ തന്നെ ഉപേക്ഷിച്ച ഗോവർദ്ധൻ മൂന്നാം  നാൾ അവനെ കണ്ടെത്തുമ്പോൾ കുഞ്ഞു കുഞ്ഞു
കര്ത്താവിന്റെ പ്രേതവും അവനോടു കൂടെ കൂടിയിരുന്നു...

പിന്നീടങ്ങോട്ടുള്ള തന്റെ ചരിത്ര പഠനങ്ങളിൽ എപ്പോഴും കുഴക്കുന്ന ചോദ്യങ്ങള്ക്ക് ഉത്തരവുമായി പ്രത്യക്ഷപ്പെടുന്ന കുഞ്ഞു കുഞ്ഞു കര്ത്താവിനെ ഒറ്റ് കൊടുക്കാൻ അവൻ തയ്യാറായില്ല എന്നതാണ് സത്യം..

തനിക്ക് കേരള കേഡർ കിട്ടില്ലന്ന്  അയാൾക്ക് തോന്നി...ഒരു പറിച്ച് നടൽ അനിവാര്യമാണെന്ന് അയാളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു....

അന്ന് രാത്രി അവന് ഉറക്കം വന്നില്ല....ഒന്നവന് ഉറപ്പായിരുന്നു.. മുത്തച്ഛൻ  തന്നെ കാണാൻ വരും....



 

Wednesday, June 25, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 1


"മണ്ണിന് തോന്നണം..അപ്പോൾ മണ്ണ് വിളിക്കും...ഇല്ലെങ്കിൽ അത് ചുമ്മാ അങ്ങനെ മിണ്ടാതെ കിടക്കും...എവിടെ നിന്നെങ്കിലും മണ്ണിന്റെ വിളി വരുന്നുണ്ടോ എന്ന് കാതോര്ക്കണം"

കുഞ്ഞുകുഞ്ഞു കര്ത്താവിന്റെ പ്രേതം പതിവ് പോലെ വന്നു ഉപദേശിക്കാൻ തുടങ്ങി..

"അത് പിന്നെ.. മുത്തച്ഛാ ..ഇത് ഞങ്ങൾ ജനിച്ച് വളർന്ന മണ്ണല്ലെ ...എത്രയോ തലമുറകളായിട്ട്..നമ്മൾ ഇവിടെ തന്നെ...വേരുകൾക്ക് നീളം കൂടും ... മണ്ണിൽ നിന്നാണ് എല്ലാം..അത്ര പെട്ടന്ന് പറിച്ച് നടാൻ പറ്റുമോ?

ശരിയാണ് ...! പക്ഷേ മണ്ണിനു വേണ്ടാത്തത് മണ്ണിൽ വാഴില്ല.....നിന്നെ
നീയാക്കിയത് ഈ മണ്ണ് നല്കിയ ഊർജ്ജമാണല്ലോ കുഞ്ഞേ ..മണ്ണിൽ നിന്നും മനസ്സിലേക്ക്..മനസ്സില് നിന്നും മനുഷ്യനിലേക്ക്..... കുഞ്ഞുകുഞ്ഞ്ഒന്നനക്കി ചിരിച്ച്കൊണ്ടു ഗോവർദ്ധനോടു ചോദിച്ചു ..പക്ഷെ മണ്ണിനു നീ തിരിച്ച് എന്ത് നല്കി ??...

ഞാൻ ഇപ്പൊ എന്ത് ചെയ്യണം എന്നാണു മുത്തച്ഛൻ പറയുന്നത് ?

കുഞ്ഞുകുഞ്ഞു കര്ത്താവിന്റെ പ്രേതം കറങ്ങുന്ന എർഗൊണൊമിക്  കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റ്  ചെറിയ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്താൻ തുടങ്ങി..

"ഉണ്ണീ"...എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയ ഗോവർദ്ധൻ പെട്ടന്ന് കണ്ണ്‍ തുറന്നപ്പോൾ മൂപ്പർ കസേരയിൽ ഇരിക്കാൻ ഭാവിക്കുകയായിരുന്നു..

"നിന്റെ നില നില്പ്പ് ഇന്ന് നിന്റെ മാത്രം ആവശ്യമാണല്ലൊ..അത് മണ്ണിനു കൂടെ ആവശ്യമാവുന്ന അന്ന് ഒരു കാറ്റിനും മഴക്കും വീഴ്ത്താനാവാതെ മണ്ണ് നിന്നെ ഉറപ്പിച്ചു നിര്ത്തും...ഞാൻ ഒരു കഥ പറയാം..."