Saturday, October 24, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 16

മുത്തച്ഛൻ ടിപ്പുവിനെ നേരിട്ട് കണ്ടിട്ടുണ്ടോ?

ഇല്ല ! നെടുങ്കോട്ട അക്രമിക്കപ്പെടുമ്പോൾ  ഞങ്ങൾ..അതിഗൂഢമായൊരു യാത്രയുടെ തയ്യാറെടുപ്പിലായിരുന്നു...ഗോവർദ്ധന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നിക്കും വിധമായിരുന്നു കുഞ്ഞുകുഞ്ഞിന്റെ പെട്ടന്നുള്ള മറുപടി! അയാൾ തന്റെ കഥ പറച്ചിൽ തുടർന്നു..

ഞങ്ങൾക്ക് മറ്റു ചിലത് കൂടെ ചെയ്യാനുണ്ടായിരുന്നു...

നെടുങ്കോട്ട തകർക്കാനുള്ള  ടിപ്പുവിന്റെ ആദ്യ ശ്രമം പാളിപ്പോയി....തിരുവിതാംകൂറിന്റെ പെട്ടന്നുള്ള പ്രത്യാക്രമണം അല്പനേരത്തെക്ക് അയാളുടെ നില തെറ്റിക്കുക തന്നെ ചെയ്തു..പക്ഷെ ആ വീഴ്ച താത്കാലികം മാത്രമായിരുന്നു...കോയമ്പത്തൂരിൽ നിന്ന് കൂടുതൽ സന്നാഹങ്ങൾ എത്തിയേക്കുമെന്നുള്ളതു കൊണ്ടും.. ബ്രിട്ടന്റെ സഹായം വൈകുമെന്നുള്ളതു കൊണ്ടും  ഞങ്ങളെ ഇങ്ങനെയൊരു ദൗത്യം എല്പിക്കുകയായിരുന്നു...

കോയമ്പത്തൂരുള്ള മൈസൂരിന്റെ പാളയത്തിനു കുറച്ചകലെ മാറി കരിമ്പനകളും  മറ്റും നിറഞ്ഞ വിജനമായ ഒരു പ്രദേശത്ത് കമാലുദ്ദീൻ എന്നയൊരാളെ കാത്ത് നിൽക്കുകയായിരുന്നു...ഞാൻ..

കുഞ്ഞുകുഞ്ഞു പെട്ടന്ന് വല്ലാതെ അക്ഷമനായി കാണപ്പെട്ടു....അയാളുടെ മുഖത്തെ വസൂരിക്കലകൾ കൂടുതൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.....

...'മരണത്തിന്റെ വിത്ത്' കൈമാറാൻ...!


മരണത്തിന്റെ വിത്ത്...? ..ഗോവർദ്ധന്റെ അത്ഭുതം നിറഞ്ഞ കണ്ണുകൾ കുഞ്ഞു കുഞ്ഞ് കർത്താവിന്റെ മുഖത്ത് തറച്ചിരുന്നു....അത്...അത്...വസൂരി അണുക്കളാണോ?...എന്റീശ്വരാ...! ശരിക്കും....സ്മോൾ പോക്സ് വൈറസ്?

കുഞ്ഞുകുഞ്ഞു കര്ത്താവ് കണ്ണുകളടച്ച് ഒന്ന്  ദീർഘ നിശ്വാസം ചെയ്തു.....പിന്നെ സാവധാനം മുഖമുയർത്തി ഗൊവർദ്ധനോട് പറഞ്ഞു

അതെ...വസൂരി അണുക്കൾ നിറഞ്ഞ ഏതാനും പുതപ്പുക്കൾ ആയിരുന്നു എന്റെ കൈവശം...ഞാൻ ഒരു അലക്കുകാരനെ പോലെ വേഷം മാറിയിരുന്നു...ചുമട് എടുത്തു കോണ്ട് ഒരു കഴുതയും എനിക്കൊപ്പം ഉണ്ടായിരുന്നു.....കമാലുദ്ദീൻ ഒരു മൈസൂർ സൈനികൻ ആയിരുന്നുവെന്നാണ് എന്നോട് പറഞ്ഞിരുന്നത്...'മരണത്തിന്റെ വിത്ത്' അയാളെയേൽപ്പിക്കണമെന്നും...!

കമാലുദ്ദീൻ എത്തുമ്പോഴേക്ക് ഇരുട്ട് വീണു തുടങ്ങിയിരുന്നു...ഒരു ഇസ്ലാമിനെ പോലെ മീശ കളഞ്ഞ് താടി നീട്ടി വളർത്തിയിരുന്നെങ്കിലും...അയാളെ കണ്ട് നല്ല പരിചയം തോന്നിച്ചു...

നിങ്ങൾ...?...എനിക്ക് നല്ല പരിചയം തോന്നുന്നു..? ഞാൻ സംശയം തീർക്കാനായി ചോദിച്ചു....

'നിങ്ങളെ പോലെ തന്നെ ജിഹാദിയാണ്...', അയാൾ മറുപടി പറഞ്ഞു

എന്നെപോലെയൊ...? ഞാൻ ചിരിച്ച് കൊണ്ടു ചോദിച്ചു ..എനിക്ക് കൗതുകം അടക്കാനായില്ല..

അതെ...നിങ്ങളെ പോലെ തന്നെ മണ്ണിൽ ധർമ്മം നിലനിർത്താനുള്ള വിശുദ്ദ യുദ്ധത്തിലാണ്.....അയാളും ഒന്നനക്കി ചിരിച്ചു ....

അത് എനിക്ക് പരിചയമുള്ള ചിരിയായിരുന്നു....എനിക്ക് പരിചയമുള്ള ശബ്ദമാണല്ലൊയെന്നും  തോന്നി..

എന്നിട്ടും എന്റെ മുഖത്തെ സംശയം വിട്ടൊഴിയാത്തത് കണ്ടിട്ടാവണം... അയാൾ വീണ്ടും ചിരിച്ച്  കൊണ്ട് പറഞ്ഞു  "വലിയമ്മയോട് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ പറയണം..."

എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല..അതെന്റെ രാമനായിരുന്നു..!






 

Friday, October 23, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 15

ടിപ്പുവിന് ആദ്യം മലബാറിലെ പ്രശ്നങ്ങൾ പരിഹരിക്കണമായിരുന്നു...എന്നാൽ മൈസൂർ സേനയുടെ അംഗ ബലത്തിന് മുന്നിൽ  രവിവർമ്മ രാജയുടെ  ചെറുത്ത് നിൽപ്പുകൾക്ക് ആയുസ്സേറെയുണ്ടാവില്ലന്നു നിശ്ചയമുണ്ടായിരുന്നു...ആക്രമണം ശക്തമായതോടെ രാജയും കൂട്ടരും കാടുകളിലേക്ക് പിൻവാങ്ങി ...മുൻ നിശ്ചയിച്ച പ്രകാരം കോയമ്പത്തൂരിൽ നിന്നെത്തിയ കൂടുതൽ സന്നാഹങ്ങളുമായി തെക്കോട്ടേക്ക് തിരിക്കാൻ ടിപ്പു പിന്നെയൊട്ടും താമസിച്ചില്ല..

നമുക്കും മൈസൂറിനും  വേണ്ടത് സമയമായിരുന്നു..രണ്ടു പേർക്കും  ഇല്ലാതിരുന്നതും അത് തന്നെയായിരുന്നു..!

മലബാറിലെ കലാപം നമുക്ക് നല്കിയത് നെടുംകോട്ട ശക്തിപ്പെടുത്താനുള്ള സമയമായിരുന്നു...!

കുഞ്ചുവിന്റെ ആശങ്കകൾ ശരിവയ്ക്കും വിധത്തിൽ...ഈ സമയമത്രയും മദിരാശിയിലെ ഹൊളണ്ട് സായിവ്‌ അനങ്ങിയില്ല...ശ്രീരംഗ പട്ടണം ആക്രമിക്കുന്നതിന് കർശ്ശന നിർദ്ദേശം കൽക്കട്ടയിൽ നിന്നും അയാൾക്ക് ലഭിച്ചിരുന്നുവെന്നാണ് നമുക്ക് അറിയാൻ കഴിഞ്ഞത്...പക്ഷെ അയാൾ  ടിപ്പുവുമായി സന്ധി സംഭാഷണത്തിനു ശ്രമിച്ചു കൊണ്ടിരുന്നു...

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയേക്കുമെന്ന് കാലേ കൂട്ടി അറിഞ്ഞതു കൊണ്ട്...സമയോചിതമായി...നമുക്ക് നയതന്ത്ര സമ്മർദ്ദം ചെലുത്താനായി എന്നത് സത്യം തന്നെ...പക്ഷെ!...ഒടുവിൽ ഹോളണ്ടിനെ തൽസ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ടുള്ള ഉത്തരവ് എത്തിയപ്പോഴേക്കും നെടുങ്കോട്ട തകർന്നിരുന്നു.....

അതെ..!...അയാളുടെ അനാസ്ഥ ടിപ്പുവിന് നല്കിയത്..തിരുവുതാംകൂർ ആക്രമിക്കുവാനുള്ള  സമയം ആയിരുന്നു...!









 

Saturday, October 17, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 14

യുദ്ധത്തെക്കുറിച്ച് എഴുതപെട്ടതെല്ലാം നിനക്കറിവുള്ളതല്ലെ...?പക്ഷെ നിനക്കറിയാത്തതൊന്നു കൂടെ പറയാം...
 
ഗോവർദ്ധൻ ചരിത്രത്തിലെക്കെന്ന  പോലെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുകയായിരുന്നു..ഇരുളിന് കട്ടി കുറഞ്ഞ് വരുന്നതായി അവന് തോന്നി...
 
'കുഞ്ഞേ..'കുഞ്ഞുകുഞ്ഞു കർത്താവ് ആ കഥ പറയാൻ തുടങ്ങിയപ്പോഴാണ് ഗോവർദ്ധൻ പൊടുന്നനെ അയാളിലെക്ക് തിരിച്ചെത്തിയത്..അയാളുടെ മുടിയിഴകൾ തീജ്വാലകൾ പോലെ പിന്നിലേക് പറക്കുന്നുവെന്ന് അവന് തോന്നി..പ്രൗഢഗംഭീരമായ അയാളുടെ മുഖത്ത് ചില പാടുകൾ അവൻ ശ്രദ്ധിച്ചതപ്പോഴാണ്....വാസൂരിക്കല പോലെയെന്തോ ഒന്ന്..! പക്ഷേ താനതെങ്ങനെ ഇത്ര നേരം ശ്രദ്ധിക്കാതെ പോയിയെന്ന് അവൻ അത്ഭുതപെട്ടു...
 
ചരിത്രത്തിന്റെ നേർപകർപ്പാണ്  കുഞ്ഞു കുഞ്ഞു കർത്താവ് എന്ന് അവന് മുൻപേ തന്നെ തോന്നിയിരുന്നു.....കാലം തീർക്കുന്ന  അടരുകൾ ഏടുത്ത് മാറ്റുമ്പോൾ ചരിത്ര സത്യങ്ങൾ അനാവൃതമാവുന്നത് പോലെ..കഥകളിൽ  നിന്നും കഥകളിലേക്ക് കുഞ്ഞുകുഞ്ഞു കടക്കുമ്പോൾ  അദ്ദേഹത്തെ താൻ കൂടുതൽ വ്യക്തമായി കാണുകയാണ് എന്ന് അവന് തോന്നി..
ഒരു പക്ഷെ അയാളിലൂടെ  താൻ തന്നിലേക്ക് തന്നെ കൂടുത്തൽ അടുത്തു കൊണ്ടിരിക്കുകയാണെന്നും അവന് തോന്നി...
 
മുത്തച്ഛാ...ആ വസൂരിക്കലകൾ.....? തന്റെ  സംശയം തീർക്കാൻ തന്നെ അവൻ തീരുമാനിച്ചു 
 
'പറയാം....' കുഞ്ഞുകുഞ്ഞ് കഥയിലേക്ക് കടന്നു...