Saturday, August 2, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 8

പച്ച വെളിച്ചത്തിൽ ആർക്കും അധികമൊന്നും ചെയ്യാനില്ലെന്നതാണ് സത്യം...ഇരുട്ടാണ് ജയവും പരാജയവും  നിർണ്ണയിക്കുന്നത്...അസ്വസ്ഥതയുടെ പൊടിപടലങ്ങൾ നേർക്കാഴ്ച
മറയ്ക്കും..ഇരുട്ടടിയിൽ ആരാണ് നില തെറ്റി താഴെ വീഴാത്തത്? പിന്നെ വെളിച്ചം കണ്ണുകളെ തഴുകുമ്പോൾ ഞെട്ടിയെഴുന്നീറ്റ് വൃഥാ തിരിച്ചടിക്ക് മുതിരുമെങ്കിലും അപ്പോഴേക്ക് എല്ലാം
അവസാനിച്ചിരിക്കും...

അക്കാലത്ത് ഹൈദറിന്റെ പീഡനം പേടിച്ച് മലബാറിലെ ബ്രാഹ്മണരിൽ വലിയൊരു വിഭാഗം തിരുവിതാംകൂറിന്റെ
മണ്ണിൽ അഭയം തേടിയിരുന്നു..ആ രണ്ട് പേരും അക്കൂട്ടത്തിൽ പെട്ടവരാണെന്നാണ് ആദ്യം കരുതിയത്...അവര്ക്ക് കുറച്ച് നാൾ ഇവിടെ തങ്ങാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന് ആവശ്യപെട്ടപ്പോൾ വലിയമ്മാവൻ വലിയ സന്തോഷത്തോടെ അവരെ സ്വീകരിച്ച് സല്ക്കരിക്കുകയണുണ്ടായി...

കുഞ്ഞുകുഞ്ഞ് സംസാരം നിർത്തി കണ്പോളകളുയർത്തി ഗോവർദ്ധനെ നോക്കി അവൻ തന്റെ  സംസാരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി..

തിരുവിതാംകൂറിന്റെ ചാരന്മാരെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് തന്നെ അന്നാണ് കേട്ടോ...വലിയമ്മാവൻ ആ ബ്രാഹ്മണരെ കൊന്നയന്ന്...!!! മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള
കുടിയേറ്റം മുതലാക്കാൻ മൈസൂർ ശ്രമിക്കുന്നുണ്ടെന്ന് തിരുവിതാംകൂറിന്റെ ചാരന്മാർ മനസ്സിലാക്കിയിരുന്നു..
അതെത്തുടർന്ന് വ്യാജന്മാരെ കുടുക്കാനുള്ള
ശ്രമങ്ങളും നടന്നിരുന്നു...ഈ രഹസ്യ നീക്കങ്ങളിലുള്ള 
വലിയമ്മാവന്റെ പങ്ക് കൂടെ ഞങ്ങൾക്കന്ന് ബോദ്ധ്യപ്പെട്ടു..

കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും അഭിമാനിക്കാൻ വകയുള്ള എന്തോ ഒന്നാണ് അമ്മാവൻ ചെയ്തതെന്ന് ഞങ്ങള്ക്ക് അന്ന് തോന്നി..പക്ഷെ രണ്ട് നാൾ കഴിഞ്ഞ് ഒരു ത്രിസന്ധ്യക്ക് അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് അമ്മ പറഞ്ഞത് "ന്റെ ഉണ്ണിക്ക് അങ്കോം പങ്കപ്പാടും വേണ്ട" എന്നാണ്...

അവരെ കൊന്നു തള്ളിയ സ്ഥലം ഞങ്ങൾ കുട്ടികൾക്ക് കൊല്ലമ്പറമ്പായി...പിന്നെ കുറെ കാലം അങ്ങോട്ട് പോകാൻ തന്നെ ഭയമായിരുന്നു...




 

No comments:

Post a Comment