Saturday, November 21, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 18

"മണ്ണേ നമ്പിലേലയ്യ മരമിരിക്ക്
മരത്തെ  നമ്പിലേലയ്യ കൊമ്പിരിക്ക്
കൊമ്പേ  നമ്പിലേലയ്യ പൂവിരിക്ക്
പൂവേ നമ്പിലേലയ്യ കായിരിക്ക്
കായേ നമ്പിലേലയ്യ പഴമിരിക്ക്
പഴത്തെ നമ്പിലേലയ്യ നാമിരിക്ക്
നമ്മെ നമ്പിലേലയ്യാ നാടിരിക്ക്.."

മണ്ണിൽ നിന്ന് മനുഷ്യനിലേക്കുള്ള ദൂരം ഒരു നിമിഷം ഗോവർദ്ധന്റെ മനസ്സിൽ തെളിഞ്ഞു..മണ്ണിനെക്കുറിച്ചുള്ള ചിന്തകൾ അടുക്കിപ്പെറുക്കുന്ന തിരക്കിലായിരുന്നു അയാൾ..

സംസ്കാരത്തിന്റെ വിത്ത് ഓരോ മണ്ണും അതിന്റെ ദിവ്യ ഗർഭത്തിൽ ഒളിപ്പിച്ചിരിക്കും... മനുഷ്യന്   ഇക്കാര്യത്തിൽ  ഒന്നും ചെയ്യാനില്ല...മണ്ണിന് വിധേയനായി...മണ്ണിൽ പൂത്തുലയുന്ന  സംസ്കാരത്തിന് വിധേയനായി ജീവിക്കുക..അതിനാവുന്നില്ലെങ്കിൽ  ഒഴിഞ്ഞ് പോവുക...മറ്റൊരു മണ്ണ് നമ്മെ വിളിക്കുന്നുണ്ടാവും...!

മണ്ണിനെ അനുസരിപ്പിക്കുന്ന മനുഷ്യനല്ല...മണ്ണിനെ അനുസരിക്കുന്ന മനുഷ്യനെ നിലനില്പ്പുള്ളൂ...!

..ചിലർ  വിളിക്കാതെ വരും...അവരുടെ ലക്ഷ്യം  മണ്ണിനെ കീഴടക്കലാണ് ..പക്ഷെ മണ്ണിനെ പിഴപ്പിച്ച്  പുതു  സംസ്കൃതിയുടെ വിത്ത് പാവാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാവും...മണ്ണിന് പ്രിയപ്പെട്ടതെ ആത്യന്തികമായി മണ്ണിൽ നില നിൽക്കൂ...തനിക്കിണങ്ങിയവരെ മണ്ണ് തന്നിലേക്ക് കൊണ്ടുവരും...

...മണ്ണ് പിടക്കുമ്പോൾ...ആത്മ  രക്ഷാർത്ഥം മണ്ണ് വിളിക്കുമ്പോൾ...ചിലർ ആ വിളി  കേൽക്കും...മണ്ണിനൊപ്പം നിൽക്കും...അവർക്കായി മണ്ണ് പൊന്നു വിളയിക്കും...!

ഗോവർദ്ധനെ ശ്രദ്ധിക്കാതെ കുഞ്ഞു കുഞ്ഞു കർത്താവ് സ്വബോധം നഷ്ടപെട്ടവനെ പോലെ പാടി കൊണ്ടിരുന്നു...

"മണ്ണേ നമ്പിലേലയ്യ മരമിരിക്ക്
മരത്തെ  നമ്പിലേലയ്യ കൊമ്പിരിക്ക്
കൊമ്പേ  നമ്പിലേലയ്യ പൂവിരിക്ക്
പൂവേ നമ്പിലേലയ്യ കായിരിക്ക്
കായേ നമ്പിലേലയ്യ പഴമിരിക്ക്
പഴത്തെ നമ്പിലേലയ്യ നാമിരിക്ക്
നമ്മെ നമ്പിലേലയ്യാ നാടിരിക്ക്.."

No comments:

Post a Comment