Wednesday, November 25, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 20

..പിന്നെ കുഞ്ചുവിനും  രോഗം വന്നു...ഒടുവിൽ അവനും ഞങ്ങളെ വിട്ട് പോയി...! കുഞ്ഞു കുഞ്ഞിന്റെ ദീർഘ നിശ്വാസം ഒരു ചെറിയ  നിശബ്ദതക്ക് വഴിമാറി...

ഒടുവിൽ എല്ലാം ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകാം എന്ന് തീരുമാനം ആയി...പക്ഷെ പഴുത്ത കുരുമുളക് പോലെ എന്റെ ദേഹത്തും വസൂരി വിത്ത് മുളപൊട്ടിയപ്പോൾ ഇനിയെന്താണ്  വേണ്ടതെന്ന് അമ്മാവന് ഒരു നിശ്ചയം ഉണ്ടായില്ല..."ബ്രാഹ്മണ ശാപം മുച്ചൂടും മുടിക്കുമല്ലോ വല്യോപ്പേ.." എന്ന് പറഞ്ഞ് വലിയമ്മ കരഞ്ഞതും ഞാൻ ഓർക്കുന്നുണ്ട്...ന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു കാണില്ല...കരഞ്ഞ് കരഞ്ഞ് ആ കണ്ണുകൾ എന്നേ വറ്റിയിരിക്കണം...

 ..എന്നിട്ട്...മുത്തച്ഛൻ എങ്ങനെ രക്ഷപെട്ടു...?

ചികിത്സ ഫലിക്കുന്നില്ലന്ന് എന്നെ ശുശ്രൂഷിച്ചിരുന്നവരുടെ അടക്കം പറച്ചിലിൽ നിന്നും എനിക്കേതാണ്ട് ബോദ്ധ്യമായി...ഞാൻ ആകെ തളർന്നിരുന്നു...ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും  തോന്നി...അപ്പോഴാണത്രെ നമ്മുടെ ചോതി വലിയമ്മാവന് മുന്നില് പ്രത്യക്ഷപ്പെടുന്നത്...!

"ആരുമെങ്ങും പോവരുതെന്നും..മണ്ണിനെ കാത്തവരെ മണ്ണ് തുണക്കുമെന്നും...വലിയമ്മവാൻ അനുവദിക്കുമെങ്കിൽ ഒപ്പയെ
സുഖപ്പെടുത്താമെന്നും...പച്ചമരുന്ന് ചിലതൊക്കെ വശമുണ്ടെന്നും...അവൻ അറിയിച്ചു" വെന്നാണ് മണി പിന്നീടൊരിക്കൽ എന്നോട് പറഞ്ഞത്

"കുറുമ്പ കാത്തു" വെന്ന് അവൻ എപ്പോഴും പറയുമായിരുന്നു...

അങ്ങനെ...അവന്റെ മരുന്നും പ്രാർത്ഥനയും ഫലിച്ച് തുടങ്ങിയത്തിനു ശേഷമുള്ള നിലാവുള്ള..തെളിഞ്ഞ..രാത്രികളിൽ...തെക്കിനിയിലേക്ക് ഒഴുകിയെത്തിയിരുന്ന നാടൻ ശീലുകൾ ഇപ്പോഴുമെന്റെ നാവിൻ തുമ്പിലുണ്ട്...അവയ്ക്ക് മണ്ണിന്റെ മണമുണ്ടായിരുന്നു....അതിൽ അമ്മയുടെ സാന്ത്വനം ഉണ്ടായിരുന്നു...

പുറത്തെ നിലാവ് നോക്കിയിരുന്ന ഗോവർദ്ധനോട് ചേർന്നു നിന്നുകൊണ്ട് കുഞ്ഞുകുഞ്ഞു പറഞ്ഞു
അമ്മയുടെ തുണ ഏത് കൂരിരുട്ടിലും നിലാവ് പോലെ പരക്കും....!
 

No comments:

Post a Comment