Sunday, July 6, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 5

എല്ലാവരും മണ്ണിൽ പൂക്കുന്ന പൂവുകൾ!!! നമ്മെ നാമാക്കുന്നത് മണ്ണ്..!!!പക്ഷെ മണ്ണിനു ചേരാത്ത വളം പ്രയോഗിച്ചാൽ അതിൽ പൂക്കുന്ന പൂവുകൾക്ക് മണ്ണിന്റെ മനം മടുപ്പിക്കുന്ന നിറവും മണവുമായിരിക്കും...മണ്ണ് തന്നെ അവയെ ഉതിർക്കും...

മണ്ണിന്റെ ആവശ്യം കണ്ടറിഞ്ഞ് നില്ക്കാനായില്ലെങ്കിൽ, മറ്റൊരാളായി ആ മണ്ണിൽ തുടരാതെ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നല്ലത്...നമ്മളെ നമ്മളാക്കിയ മണ്ണിനോട് അത്രയെങ്കിലും ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്...മറ്റൊരു മണ്ണ് നമ്മെ വിളിക്കുന്നുണ്ടാകും...

അങ്ങനെയാണ് ഞങ്ങൾ പാലക്കാട് നിന്നും പെരിയാറിന്റെ തീരത്തുള്ള ഈ മണ്ണിൽ എത്തുന്നത്..അമ്മയും വല്യമ്മയും, ചിറ്റയും  ഞാനും, മണിയും, കുഞ്ചുവും, രാമനും പിന്നെ വല്യമ്മാവനും അടങ്ങുന്ന ഒരു ചെറിയ സംഘം..
ഇതൊക്കെ എനിക്ക് ഓർമ്മ വക്കുന്നതിനു മുന്നേ നടന്നതാണ് കേട്ടോ ...


പുന്തുറക്കോന് എപ്പോഴും  ആരെയെങ്കിലും ചൊറിഞ്ഞ്  കൊണ്ടിരിക്കണം.. കിഴക്ക് വള്ളുവകോനാതിരിയും തെക്ക് പാലക്കാട്ടച്ചനും നന്നേ പൊറുതിമുട്ടിയിരുന്നു.. സഹി കെട്ടപ്പോഴാണ് ചെറിയമ്മാവന്റെ നിർദ്ദേശ പ്രകാരം അച്ചൻ അന്ന് ഡിൻഡികൽ ഫൗജ്ദാർ ആയിരുന്ന ഹൈദറിനെ സഹായത്തിന് വിളിച്ചത്..അയാളാകട്ടെ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു...പക്ഷെ ഒന്നും വിചാരിച്ച പോലെയായില്ല..

സാമൂതിരി ഹൈദറുമായി സന്ധി ചെയ്തു...അയാള് തിരികെപ്പോയി.
അന്ന്  സാമൂതിരി കൊടുക്കാമെന്നേറ്റ 12 ലക്ഷം രൂപ പിരിക്കാനാണെന്ന കാരണം പറഞ്ഞാണ് പിന്നെയയാളെ കെട്ടിയെടുത്തത്...പോരാത്തതിന്
അറക്കലെ ആലി രാജയുടെ  ഉത്സാഹം കൂടെയായപ്പോൾ മലബാറിന്റെ കാര്യത്തിന് ഏതാണ്ടൊരു തീരുമാനം ആയി....കുഞ്ഞുകുഞ്ഞ്  ഒന്നനക്കി  ചിരിച്ചു.

ആ വരവിലാണ് മുച്ചൂടും മുടിച്ചത് ....വെട്ടി പിടിച്ച മലനാടുകളുമായി എളുപ്പം ബന്ധപെടാനും പട്ടാളത്തിന് ആയുധവും ഭക്ഷണവും എത്തിക്കാനുമൊരു സുരക്ഷിത കേന്ദ്രം എന്ന നിലക്കാണ് ഹൈദരാലി  പാലക്കാട് കോട്ട കെട്ടുന്നത്..സമീപത്തെ ക്ഷേത്രങ്ങളും നായർത്തറകളും പൊളിച്ചാൽ കല്ലും സുലഭം...!!!

സ്ത്രീകളെയും കുട്ടികളായിരുന്ന ഞങ്ങളെയും രഹസ്യമായി വലിയമ്മാവനോടൊപ്പം തിരുവിതാംകൂറിലേക്ക് പറഞ്ഞയച്ച്..ചെറിയമ്മവൻറെ നേതൃത്വത്തിൽ  ഒരു ചെറിയ സംഘം
നായന്മാർ അന്ന് കാര്യമായ ചെറുത്ത് നില്പ്പിന് ശ്രമിച്ചുവെന്നാണ് വലിയമ്മവാൻ പറഞ്ഞു കേട്ട അറിവ്...

"കുറ്റ ബോധമാണ് അവിടെ തന്നെ നില്ക്കാൻ അവനെ പ്രേരിപ്പിച്ചത്...കാവിന്റെ നിർബന്ധതിനും അവനെ പിന്തിരിപ്പിക്കാനായില്ല ...അബദ്ധമായിപ്പോയി..."
ചെറിയമ്മാവനെ കുറിച്ച് പറയുമ്പോഴെല്ലാം വലിയമ്മാവൻ
വികാരാധീനനാവാറുണ്ട്...

കാവ് ആരാണെന്ന് മനസ്സിലായോ?....... ന്റെ അമ്മയാണ്.. അമ്മാവന്റെ നേരെ  ഇളയതായിരുന്നു അമ്മ.. അമ്മയോടായിരുന്നത്രെ ചെറിയമ്മാവന് കൂടുതലിഷ്ടം..!!
 

No comments:

Post a Comment