Wednesday, April 15, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 11

അല്പം വെള്ളം കൂട്ടി കുഴച്ചാൽ തരം പോലെ പരുവപ്പെടുത്താവുന്ന കളിമണ്ണ്‍ പോലെയൊ  ഉറച്ച ചെങ്കല്ല് പോലെയോ ആണ് മനുഷ്യന്റെ മനസ്സ്....നിനക്കെന്ത് തോന്നുന്നു ?

ടിപ്പുവിനെ മലബാറിലെ അഭ്യന്തര പ്രശ്നങ്ങളിൽ തളച്ചിടേണ്ടത് തിരുവിതാംകൂറിന്റെ ആവശ്യമായിരുന്നു....അതുകൊണ്ടാണ് കോഴിക്കോട്ടെ വിപ്ലവകാരികൾക്ക് ആളും അർത്ഥവും ആയുധവും രഹസ്യമായി എത്തിച്ചു കൊണ്ടിരുന്നത്...ഹൈദരിനോട് പൊരുതാനവാതെ സാമൂതിരി വീട്ടു തടങ്കലിൽ ആത്മാഹുതി ചെയുതുവല്ലോ ...പിന്നെ  മരുമകനായ കൃഷ്ണരാജ കുറച്ചു കാലം സ്വന്തം നിലക്ക്  പൊരുതിയെങ്കിലും  പിടിച്ച് നില്ക്കാനാവാതെ തിരുവിതാംകൂറിൽ അഭയം പ്രാപിക്കുകയായിരുന്നു .... അന്ന്  ഏറാൾപ്പാടായിരുന്ന കൃഷ്ണ വർമ്മയുടെ അനുഗ്രഹാശിസ്സുകളോടെ  അദ്ദേഹത്തിന്റെ മരുമകനായിരുന്ന രവി വര്മ്മ രാജയാണ് പിന്നീടങ്ങോട്ട് സമരം നയിച്ചത്...

ബ്രിട്ടന്റെയും..കൃഷ്ണ രാജ വഴി തിരുവിതാംകൂറിന്റെയും സഹായം  ഉറപ്പാക്കിയ രവി വർമ്മ രാജ സാമൂതിരിക്ക് നഷ്ടമായ പ്രദേശങ്ങളുടെയെല്ലാം  അധികാരം  ഏറെക്കുറെ തിരികെപ്പിടിച്ചു.. അപ്പോഴാണ് പുതിയ പ്രശ്നം...!!!

ടിപ്പുവുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം  ബ്രിട്ടണ്‍ രാജയെ കയ്യൊഴിഞ്ഞു....എങ്കിലും രാജ ശക്തനായിട്ടിരിക്കെണ്ടത് തിരുവിതാംകൂറിന്റെ ആവശ്യം കൂടിയായിരുന്നല്ലൊ..നമ്മുടെ സഹായത്തോടെ രാജ ചെറുത്ത് നിൽപ്പ് തുടർന്നു...

ഏറാൾപ്പാട്  പൊതുവേ ശാന്ത പ്രകൃതിയും  വിശ്വനാഥ അയ്യരെന്ന  ബ്രാഹ്മണന്റെ സ്വാധീനത്തിലുമായിരുന്നു...പട്ടർ പറയുന്നതങ്ങ് കണ്ണുമടച്ച് വിശ്വസിക്കും !!എന്നാൽ  രവിവർമ്മയുടെ ശക്തമായ നിലപാടുകൾ കോണ്ട് പൊറുതി മുട്ടിയ ടിപ്പു ആദ്യം അയാളെ സ്വാധീനിക്കാനാണ്  ശ്രമിച്ചത്...പക്ഷെ ചെങ്കല്ല് വെള്ളം തൊട്ടാൽ കുതിരില്ലല്ലോ...മൈസൂരിന്റെ ചാരന്മാർ കുഴയുന്ന കളി മണ്ണ് തേടിക്കൊണ്ടിരുന്നു...!

പെരുമ്പടപ്പിനെ കൂടെ നിർത്തിയാൽ  അവരുടെ സഹായത്തോടെ തിരുവിതാംകൂറിനെ തറ പറ്റിക്കാം എന്നാണ് ടിപ്പു കണക്കു കൂട്ടിയത്...അതിനായുള്ള ഉപജാപങ്ങൾ ആരംഭിച്ചതായി തിരുവിതാംകൂറിന്റെ ചാരന്മാർ മുന്നറിയിപ്പ് നല്കിയിരുന്നു...മൈസൂർ കാര്യ സാധ്യത്തിനായി  പട്ടരെ സ്വാധീനിച്ച്  കഴിഞ്ഞുവെന്ന് സംശയിക്കുന്നതായും
അവരറിയിച്ചു....

മൈസൂരിനെതിരെയുള്ള കലാപം അവസാനിപ്പിച്ചാൽ അയാളെ സാമന്തനാക്കാം എന്ന  കരാറിന് വഴങ്ങാൻ ഏറാൾപ്പാടിനെ പട്ടര്  നിർബന്ധിച്ച് കൊണ്ടിരുന്നു  ...രവി വർമ്മ പക്ഷെ ഇടഞ്ഞ് തന്നെ നിന്നത് ഏറാൾപ്പാടിനെ  വിഷമത്തിലാക്കി...അയാൾക്ക് മടുത്ത് തുടങ്ങിയിരുന്നു ..വല്ല വിധേനയും എല്ലാം അവസാനിപ്പിച്ച്  മനസ്സമാധാനത്തോടെ ശിഷ്ടകാലം ജീവിക്കണമെന്നെ അമ്മാവൻ ഏറാൾപ്പാടിന് ഉണ്ടായുള്ളു..'

'അപ്പൊ സ്വാഭാവികമായും  രവി വർമ്മ രാജയെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിക്കാണുമല്ലൊ?' ഗോവർദ്ധന്  ആകാംഷ അടക്കാനായില്ല...

മുത്തച്ഛൻ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിപ്പായി ...ആ  കണ്ണുകളിലെ  തിളക്കം പിന്തുടർന്ന് നൂറ്റണ്ടുകൾക്ക് പിന്നിലേക്ക് പോയ കുഞ്ഞുകുഞ്ഞ്‌ കർത്താവ് വാൾത്തലപ്പുകൾ ദ്യുതചൊരിയുന്നത് കാണുകയാണോ....വെടിമരുന്നിന്റെ മനം മടുപ്പിക്കുന്ന മണം ഉള്ളിൽ ചെന്നിട്ടെന്നപോലെ അയാൾ ചുമക്കാനരംഭിച്ചു....അല്പ്പം കഴിഞ്ഞ് ശാന്തനായി കുഞ്ഞുകുഞ്ഞ് തുടർന്നു

 '..അമ്മാവന്റെ നിർബന്ധത്തിനു വഴങ്ങി സന്ധി സംഭാഷണത്തിന് പട്ടരുമൊന്നിച്ച് പോകും മുന്നേ ഞാൻ രവി വര്മ്മ രാജയെ കണ്ടിരുന്നു... പട്ടരെ സൂക്ഷിക്കണം...ആപായപ്പെടുത്താൻ ശ്രമമുണ്ടാവുമെന്ന് മുന്നറിയിപ്പും  നല്കി...ഒടുവിൽ അത് തന്നെ സംഭവിച്ചു..!!

അവരുടെ നിർദ്ദേശങ്ങളൊന്നും രാജക്ക് സമ്മതമായില്ല...കാടു കയറിത്തുടങ്ങിയ പഴയൊരു ക്ഷേത്രമായിരുന്നല്ലോ അത്...  ഇടിഞ്ഞ് പോളിഞ്ഞ ചുറ്റമ്പലത്ത്തിന്റെ ചുമരിലാണെന്ന് തോന്നുന്നു.. ആദ്യ വെടി കൊണ്ടത്....!! മറഞ്ഞിരുന്ന  മൈസൂര് പടയാളികൾ രാജയുടെ നില തെറ്റിച്ചുവന്ന് ഒരു നിമിഷം ശത്രുക്കൾ കരുതിയിരിക്കണം.....പക്ഷെ പിന്നെ ഞെട്ടിയത് അവരാണ്....ഇരുട്ടിന്റെ കുപ്പായം നമുക്കും പാകമാണെന്ന് അവരെ മനസ്സിലാക്കിക്കൊടുത്തു....ആ പീറ പട്ടരെ കൊന്നത് ഞാൻ തന്നെയാണ് ...!!!

രാജക്ക് തോളിൽ വെടിയേറ്റുവെങ്കിലും അത് സാരമായിട്ടുള്ളതായിരുന്നില്ല..അവിടെ നിന്ന് രാജയെയും രക്ഷിച്ച്
ടിപ്പുവിന്റെ തെക്കോട്ടുള്ള യാത്ര ദുർഗമമാക്കുവാനുള്ള ശ്രമങ്ങൾക്ക് ഏറാൾപ്പാടിന്റെ പിന്തുണയും  ഉറപ്പാക്കിയാണ് ഞാൻ മടങ്ങിയത്'

ഗോവർദ്ധൻ കുഞ്ഞ് കുഞ്ഞിന്റെ ഇടതു കയ്യിലെ തിളക്കം ശ്രദ്ധിക്കുന്നുണ്ടായില്ല..അവൻ ചരിത്രത്തിലേക്കന്നോളം നടത്തിയ  വേറിട്ട  യാത്രകളിലൊന്നിലായിരുന്നു അപ്പോൾ...!!




 

No comments:

Post a Comment